ഇന്തോനേഷ്യയിൽ പള്ളിയ്ക്കു സമീപം സ്ഫോടനം; 55 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ പള്ളിയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 55 പേർക്ക് പരിക്ക്. ഹൈസ്കൂളിൽ സമുച്ചയത്തിലുള്ള പള്ളിയ്ക്കു സമീപമാണ് ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായത്. പരിക്കേറ്റവരിൽ ഏറെയും വിദ്യാർഥികളാണ്. ജക്കാർത്തയിലെ വടക്കൻ കേലപ ഗാഡിംഗ് പരിസരത്തുള്ള സ്റ്റേറ്റ് ഹൈസ്കൂളിലെ പള്ളിയിൽ ഉച്ചയ്ക്ക് പ്രാർഥന ആരംഭിച്ച സമയത്താണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പള്ളിയിൽ പുക നിറഞ്ഞതോടെ വിദ്യാർഥികളും മറ്റുള്ളവരും പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
ഗ്ലാസ് കഷ്ണങ്ങൾ തെറിച്ചുവീണ് പരിക്കേറ്റും പൊള്ളലേറ്റുമാണ് ഭൂരിഭാഗം പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചിലരെ വിട്ടയച്ചു. എന്നാൽ പൊള്ളലേറ്റ 20 വിദ്യാർഥികൾ ആശുപത്രിയിൽ തുടരുകയാണെന്നും അതിൽ മൂന്ന് പേർക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്നും ജക്കാർത്ത പോലീസ് മേധാവി അസെപ് എഡി സുഹേരി പറഞ്ഞു. സ്ഫോടന ശബ്ദത്തിനു പിന്നാലെ വിദ്യാർഥികൾ ഓടി രക്ഷപെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.









0 comments