Deshabhimani

കാമറക്കണ്ണുകൾ പറഞ്ഞ കഥയും ജീവിതവും; ലോകം ശ്രദ്ധിച്ച ചിത്രങ്ങൾ

world famous photos
avatar
ആര്യാ കൃഷ്ണൻ

Published on May 17, 2025, 05:57 PM | 5 min read

ആ​ഗസ്ത് 19 ആണ് ലോക ഫോട്ടോ​ഗ്രാഫി ദിനമായി ആചരിക്കുന്നത്. കാമറക്കണ്ണുകളിലൂടെ ചിത്രങ്ങൾ പകർത്തി ലോകത്തെ കാണിക്കാമെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞതിനുപിന്നാലെ ഓരോ നിമിഷവും നിരവധി ഫോട്ടോകളാണ് പിറന്നുകൊണ്ടിരിക്കുന്നത്. 1826ൽ ഫ്രഞ്ച് പൗരനായ ജോസഫ് നിസെഫോർ നീപ്സ് (Joseph Nicéphore Niépce) ആണ് ലോകത്തിലെ ആദ്യ ഫോട്ടോ പകർത്തിയതെന്നാണ് കരുതപ്പെടുന്നത്. ഫോട്ടോ​ഗ്രാഫിയുടെ ആദ്യകാലവക്താക്കളിൽ പ്രമുഖനായ നീപ്സ് ഹീലിയോഗ്രഫി സാങ്കേതികതയും വികസിപ്പിച്ചു. നീപ്സ് പകർത്തിയ വ്യൂ ഫ്രം ദ വിൻഡോ ഓഫ് ലെ ​ഗ്രാസ് (ലെ ​ഗ്രാസിലെ ജനാലയിൽ നിന്നുള്ള കാഴ്ച- View from the Window at Le Gras) ആണ് ആദ്യചിത്രമായി കണക്കാക്കപ്പെടുന്നത്.


View from the Window at Le Gras​Image credit: Wikipedia


നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന ഫോട്ടോയും ഇതുതന്നെയാണ്. നീപ്സിന്റെ എസ്റ്റേറ്റായ ലെ ​ഗ്രാസിന്റെ ചുറ്റുപാടുകളും പരിസരങ്ങളുമാണ് ഫോട്ടോയിൽ പകർത്താൻ നീപ്സ് ശ്രമിച്ചത്. ആദ്യ ഫോട്ടോ പകർത്തിയിട്ട് 199 വർഷം പിന്നിടുമ്പോൾ അനേകം ഫോട്ടോകളാണ് പല കാലങ്ങളിൽ പലയിടങ്ങളിലായി സൃഷ്ടിക്കപ്പെട്ടത്. ഫോട്ടോ​ഗ്രാഫറുടെ ആത്മസംവേദനം കൂടിയാണ് ഒരു ചിത്രമെന്ന് പറയാറുണ്ട്. ഓരോ കാലത്തും ഏറെ ചർച്ച ചെയ്യപ്പെട്ട, വിവാദങ്ങൾ സൃഷ്ടിച്ച, ഭരണകൂടങ്ങളെ പിടിച്ചുലച്ച ഫോട്ടോകൾ ഉണ്ടായിട്ടുണ്ട്. ഒരു രാജ്യത്തിന്റെ ഭരണ അടിത്തറ ഇളക്കുന്നതു മുതൽ മനുഷ്യന്റെ നിസ്സഹായതയും ദൈന്യതയും വ്യക്തമാക്കുന്ന, സമൂഹത്തോട് ചോദ്യങ്ങളുന്നയിക്കുന്ന എത്രയെത്ര ചിത്രങ്ങൾ... അവയിൽ ചിലതിലൂടെ


1. ലഞ്ച് എടോപ് എ സ്കൈസ്‌ക്രാപ്പർ- Lunch atop a Skyscraper, 1932


932 സെപ്റ്റംബർ 20ന് ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ ആർസിഎ ബിൽഡിങ്ങിന്റെ 69ാം നിലയിൽ ഉയരത്തിലുള്ള ഉരുക്ക് ബീമിൽ ഇരിക്കുന്ന തൊഴിലാളികളുടെ ഫോട്ടോയാണിത്. നിലത്തു നിന്ന് 850 അടി (260 മീറ്റർ) ഉയരത്തിലാണ് ഉരുക്ക് ബീം. 11 തൊഴിലാളികളാണ് ബീമിൽ ഇരിക്കുന്നത്.


Lunch atop a Skyscraper​Image credit: Wikipedia


അംബരചുംബികളായ കെട്ടിടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ക്യാമ്പയിനിന്റെ ഭാഗമെന്നോണം ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് ലഞ്ച് എടോപ് എ സ്കൈസ്‌ക്രാപ്പർ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫി പിറന്നത്. ഫോട്ടോ പകർത്തിയത് ആരാണെന്നതിനെപ്പറ്റി പല അവകാശവാദങ്ങളുമുണ്ട്. 1932 ഒക്ടോബറിൽ റോക്ക്ഫെല്ലർ സെന്ററിന്റെ നിർമ്മാണ വേളയിലാണ് ഫോട്ടോ ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 1995ൽ കോർബിസ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കി.


2. മൈ​ഗ്രന്റ് മദർ - Migrant Mother, 1936


1936ൽ കലിഫോർണിയയിലെ നിപോമോയിൽ നിന്ന് അമേരിക്കൻ ഫോട്ടോഗ്രാഫർ ഡൊറോത്തിയ ലാംഗെ ( Dorothea Lange) പകർത്തിയ ചിത്രമാണ് മൈ​ഗ്രന്റ് മദർ.


Migrant Mother​Image credit: Wikipedia



മടിയിൽ ഒരു കുഞ്ഞിനെയും രണ്ട് മുതിർന്ന കുട്ടികളെയും അടുത്തിരുത്തി ആശങ്കയോടെ ദൂരത്തേക്ക് നോക്കുന്ന അമ്മയുടെ ചിത്രം മഹാമാന്ദ്യകാലത്ത് തൊഴിൽ തേടി കൂട്ടത്തോടെ കാലിഫോർണിയയിൽ എത്തിയ കുടിയേറ്റ കർഷക തൊഴിലാളികളുടെ ദുരവസ്ഥ കാണിക്കുന്നതായിരുന്നു. മാന്ദ്യത്തിന്റെ ഒരു പ്രതീകമായി പിന്നീട് ചിത്രം മാറി. തുടക്കത്തിൽ അജ്ഞാതയായിരുന്ന ഫോട്ടോയിലെ സ്ത്രീയെ 1978ൽ തിരിച്ചറിഞ്ഞു.


3. വിക്ടറി ഓവർ ജപ്പാൻ ഡേ ഇൻ ടൈം സ്ക്വയർ- V J Day in Times Square, 1945


1945 ആ​ഗസ്ത് 14 ന് ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്ക്വയറിൽ നടന്ന വിക്ടറി ഓവർ ജപ്പാൻ ഡേയിൽ (വിജെ ഡേ) നടന്ന സംഭവത്തിന്റെ ചിത്രമാണ് വി ജെ ഡേ ഇൻ ടൈം സ്ക്വയർ. ഒരു യുഎസ് നാവിക നാവികൻ അപരിചിതയായ ഒരു നഴ്സിനെ ആലിം​ഗനം ചെയ്ത് ചുംബിക്കുന്ന ഇ ചിത്രമെടുത്തത് ആൽഫ്രഡ് ഐസൻസ്റ്റെയ്ഡ് (Alfred Eisenstaedt) ആണ്.


V J Day in Times Square​Image credit: rare historical photos


ചിത്രമെടുത്ത് ഒരാഴ്ചയ്ക്ക് ശേഷം ലൈഫ് മാഗസിനിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു. തുടർന്ന് യുഎസ് നേവി ഫോട്ടോ​ഗ്രാഫറായ വിക്ടർ ജോർജെൻസൺ ഇതേ ചിത്രം ദ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ചു.


4. മാർലിൻ മൺറോ- Marilyn Monroe, 1954


ഗോൾഡൻ ഗ്ലോബ് പുരസ്കാരമടക്കം നേടി അനവധി ആരാധകരെ സൃഷ്ടിച്ച അമേരിക്കൻ അഭിനേത്രിയും മോഡലും പോപ്പ് ഐക്കണും ആയിരുന്നു മാർലിൻ മൺറോ. 1950കളിലും 1960കളിലും സിനിമ- മോഡലിങ് രം​ഗത്ത് നിറഞ്ഞുനിന്ന മൺറോ 1962ലാണ് അമിതമായ അളവിൽ ബാർബിറ്റ്യൂറേറ്റുകൾ കഴിച്ച് മരണപ്പെട്ടത്. മൺറോയുടെ ചിത്രങ്ങളിൽ ഏറെ പ്രസിദ്ധമായ ചിത്രമാണ് 1954ൽ മൺറോയുടെ അടുത്ത സുഹൃത്ത് കൂടിയായ സാം ഷാവ് പകർത്തിയ ചിത്രം.



Marilyn Monroe​Image credit: amateur photographer


കാറ്റിൽ പറക്കുന്ന വെള്ളവസ്ത്രത്തിൽ മനോഹരിയായി നിൽക്കുന്ന മാർലിന്റെ ചിത്രം ഇക്കാലത്തും പോപ്- ഫാഷൻ ഐക്കണായി ഉപയോ​ഗിക്കപ്പെടുന്നു. ദ സെവൻ ഇയർ ഇച്ച് എന്ന സിനിമയ്ക്കായുള്ള ചിത്രമായിരുന്നു ഇത്. പുലർച്ചെ 2 മണിക്ക് ചിത്രത്തിനായി ഷൂട്ട് ചെയ്ത പ്രസ്തുത സീൻ പിന്നീട് ഫോട്ടോ​ഗ്രാഫർമാർക്കായി റീക്രിയേറ്റ് ചെയ്യുകയായിരുന്നു. മറ്റ് ഫോട്ടോ​ഗ്രാഫർമാർ പകർത്തിയ ചിത്രത്തിന്റെ പല പതിപ്പുകളും ജനം ഏറ്റെടുത്തു


5. ദ ബേണിങ് മോങ്ക്- The Burning Monk, 1963


1963ൽ അസോസിയേറ്റഡ് പ്രസ് ഫോട്ടോ​ഗ്രാഫറായിരുന്ന മാൽകോം ബ്രൗൺ പകർത്തിയ ചിത്രമാണ് ദ ബേണിങ് മോങ്ക്. സൈ​ഗോണിൽ വച്ച് സ്വയം തീകൊളുത്തി മരിച്ച ബുദ്ധസന്യാസി തിച് ക്വാങ് ഡുകിന്റെ ചിത്രമാണിത്.


The Burning Monk​Image credit: nbcnews


ദക്ഷിണ വിയറ്റ്നാമീസ് സർക്കാർ ബുദ്ധമതക്കാരെ പീഡിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായാണ് സന്യാസി ആത്മഹത്യ ചെയ്തത്. സർക്കാരിനെതിരെയടക്കം പ്രതിസന്ധിയിലാക്കിയ ചിത്രത്തിൽ സന്യാസിയുടെ ശരീരത്ത് തീപടരുന്നത് വ്യക്തമായി കാണാം. ചിത്രമെടുത്ത മാൽകോമിന് പുലിസ്റ്റർ പുരസ്കാരവും ലഭിച്ചു


6 ടെറർ ഓഫ് വാർ- The Terror of War, 1972


വിയറ്റ്നാമിൽ 1972ൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന ചിത്രമായിരുന്നു ടെറർ ഓഫ് വാർ എന്നറിയപ്പെടുന്ന ചിത്രം. 1972 ജൂൺ 8ന് വിയറ്റ്നാമിലെ ത്രാങ് ബാങ് വില്ലേജിൽ നിന്നാണ് പ്രസ്തുത ചിത്രം പകർത്തിയത്. അസോസിയേറ്റഡ് പ്രസ് ഫോട്ടോ​ഗ്രാഫറായ നിക് ഉട്ട് (Nick Ut) പകര്‍ത്തിയ ചിത്രമായാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വേൾഡ് പ്രസ് ഫോട്ടോ നിക്ക് ഉട്ടിന്റെ പേര് പിൻവലിച്ചത്.


The Terror of War​Image credit: Twitter


ബോംബാക്രമണത്തെത്തുടർന്ന് പൊള്ളലേറ്റ് ന​ഗ്നയായി കരഞ്ഞുകൊണ്ട് ഓടുന്ന 9 വയസുകാരി പെൺകുട്ടിയുടെ ചിത്രം പുറത്തുവന്നതോടെ ആക്രമണത്തെപ്പറ്റി ലോകമാകെ ചർച്ച ചെയ്തു തുടങ്ങി. അസോസിയേറ്റഡ് പ്രസാണ് ചിത്രം പുറത്തുവിട്ടത്. ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയാണ് ചിത്രത്തിലുണ്ടായിരുന്നതെന്ന് പിന്നീട് വ്യക്തമായി. ചിത്രമെടുത്തതിനു പിന്നാലെ 1973ലാണ് വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ പുരസ്കാരവും പുലിസ്റ്റർ അവാർഡും നിക്കിന് ലഭിച്ചു.


7. മരതകക്കണ്ണുള്ള അഫ്​ഗാൻ പെൺകുട്ടി- Afghan Girl, 1984


അമേരിക്കൻ പത്രപ്രവർത്തകൻ സ്റ്റീവ് മക്കറിയുടെ (Steve McCurry) പ്രശസ്തമായ ചിത്രമാണ് അഫ്ഗാൻ പെൺകുട്ടി. മരതകനിറത്തിലുള്ള കണ്ണുകളോടെ കാമറയിലേക്ക് രൂക്ഷമായി നോക്കുന്ന പെൺകുട്ടിയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷർബത് ഗുല എന്ന അഫ്ഗാൻ പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്.


Afghan Girl​Image credit: Wikipedia


അഫ്ഗാൻ അധിനിവേശകാലത്ത് പാകിസ്താനിൽ ഒരു അഫ്ഗാൻ അഭയാർഥിയായി കഴിയവേയാണ് ഷർബത്ത് ഗുല കാമറയിൽ പകർത്തപ്പെടുന്നത്. 1985 ജൂണിലെ നാഷണൽ ജിയോഗ്രാഫിക് മാഗസിന്റെ കവർ പേജിൽ 17കാരിയായ ഷർബത്തിന്റെ ഫോട്ടോ വന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അഫ്ഗാൻ മൊണാലിസ എന്നും ചിത്രം വിശേഷിപ്പിക്കപ്പെട്ടു.


8. കഴുകനും പെൺകുട്ടിയും- Starving Child and Vulture, 1993


പട്ടിണിയുടെ ഭീകരത ലോകത്തെ മുഴുവൻ അറിയിച്ച ചിത്രമാണ് 1993ൽ ദക്ഷിണാഫ്രിക്കൻ ഫോട്ടോജേണലിസ്റ്റായ കെവിൻ കാർട്ടർ ( Kevin Carter) പകർത്തിയ ദി സ്ട്രഗ്ളിങ് ഗേൾ എന്നും അറിയപ്പെടുന്ന ദി വൾച്ചർ ആൻഡ് ദി ലിറ്റിൽ ഗേൾ. 1993 മാർച്ച് 26 ന് ന്യൂയോർക്ക് ടൈംസിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. 1993 മാർച്ചിൽ സുഡാനിലെ (ഇപ്പോൾ ദക്ഷിണ സുഡാൻ ) അയോഡിൽ നിന്നാണ് ചിത്രം പകർത്തിയത്.


Starving Child and Vulture​Image credit: twitter

പട്ടിണി കൊണ്ട് ജീവൻ നഷ്ടപ്പെടാറായ അവസ്ഥയിലുള്ള കുട്ടിയേയും കുട്ടി മരിച്ചതിനു ശേഷം ഭക്ഷിക്കാനായി കാത്തിരിക്കുന്ന കഴുകനെയുമാണ് ചിത്രത്തിൽ കാണുന്നത്. ഭക്ഷണ വികരണ കേന്ദ്രത്തിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്നു കുട്ടി. എന്നാൽ ചിത്രം പുറത്തുവന്നതോടെ കാർട്ടർ‌ക്കെതിരെ വ്യാപക വിമർശനമുയർന്നു. കുട്ടിയെ രക്ഷിക്കാൻ കാർട്ടർ ശ്രമിച്ചില്ലെന്ന പേരിലായിരുന്നു വിമർശനം. 1994 ൽ ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സർ പുരസ്കാരം ചിത്രത്തിന് ലഭിച്ചു. പുരസ്കാരം നേടി നാല് മാസത്തിന് ശേഷം കാർട്ടർ ആത്മഹത്യ ചെയ്തു.


9. ദ ഫാളിങ് മാൻ- The Falling Man, 2001


ന്യൂയോർക്ക് സിറ്റിയിൽ സെപ്റ്റംബർ 11-ന് നടന്ന ആക്രമണത്തിനിടെ വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് വീഴുന്ന ഒരാളുടെ ചിത്രമാണ് ദ ഫാളിങ് മാൻ. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ റിച്ചാർഡ് ഡ്രൂ (Richard Drew) എടുത്ത ഫോട്ടോയാണിത്. നോർത്ത് ടവറിന്റെ മുകളിലത്തെ നിലകളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന അജ്ഞാതൻ അബദ്ധത്തിൽ വീണതാണോ തീയിൽ നിന്ന് രക്ഷപ്പെടാൻ ചാടിയതാണോ എന്ന് വ്യക്തമല്ല.


The Falling Man​Image credit: twitter

ആക്രമണദിവസം രാവിലെയാണ് ഫോട്ടോ പകർത്തിയത്. 2001 സെപ്തംബർ 12ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിനുശേഷം ഫോട്ടോ വ്യാപകമായി വിമർശിക്കപ്പെട്ടു. അസ്വസ്ഥത ഉളവാക്കുന്നതും ക്രൂരവുമായ ചിത്രമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.


10. അലൻ കുർദിയുടെ മരണം- Death of Alan Kurdi, 2015


അഭയാർത്ഥി പ്രതിസന്ധിയെപ്പറ്റി ലോകത്ത് ചർച്ചാവിഷയമാക്കിയ ചിത്രമായിരുന്നു കടൽത്തീരത്ത് മരിച്ചുകിടക്കുന്ന രണ്ടുവയസുകാരന്റേത്. കുർദിഷ് വംശജനായ അലൻ 2015 സെപ്റ്റംബർ 2 ന് മെഡിറ്ററേനിയൻ കടലിൽ അമ്മയ്ക്കും സഹോദരനുമൊപ്പം മുങ്ങിമരിക്കുകയായിരുന്നു. തുർക്കി പത്രപ്രവർത്തകയായ നിലുഫർ ഡെമിർ (Nilüfer Demir) ആണ് അലന്റെ ചിത്രം പകർത്തിയത്.


Death of Alan Kurdi​Image credit: Wikipedia

humanity washed ashore എന്ന ക്യാപ്ഷനോടെ പങ്കുവയ്ക്കപ്പെട്ട ചിത്രം ആ​ഗോളവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. യൂറോപ്യൻ അഭയാർത്ഥി പ്രതിസന്ധിക്കിടയിൽ തുർക്കിയിൽ നിന്ന് യൂറോപ്പിലേക്ക് എത്താൻ ശ്രമിച്ച സിറിയൻ അഭയാർഥികളായിരുന്നു അലനും കുടുംബവും. 2015ലെ കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിലടക്കം ചിത്രം ചർച്ചാവിഷയമായി.


Related News



deshabhimani section

Related News

View More
0 comments
Sort by

Home