നേപ്പാളിൽ കലാപം; രണ്ട് പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരിക്ക്

photo credit: X
കാഠ്മണ്ഡു: രാജഭരണം ആവശ്യപ്പെട്ട് നേപ്പാളിൽ നടക്കുന്ന കലാപത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ അവന്യൂസ് ടെലിവിഷൻ റിപ്പോർട്ടർ സുരേഷ് രാജക്കാണ്. ടിങ്കുണെയിൽ ഒരു കെട്ടിടത്തിന് തീയിട്ട ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് കാഠ്മണ്ഡു പോസ്‌റ്റ് റിപ്പോർട്ട് ചെയ്‌തു. ലാപത്തെ തുടർന്ന് മൂന്ന് പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ടിങ്കുണെ, സിനമംഗല്‍, കൊട്ടേശ്വര്‍ പ്രദേശങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാജവാഴ്ചയും ഹിന്ദു രാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നേപ്പാളിൽ കലാപം.
സംഘർഷത്തിനിടെ ഒരു ബിസിനസ് സമുച്ചയം, ഷോപ്പിങ് മാൾ, പാർടി ഓഫീസുകൾ, മാധ്യമ സ്ഥാപനത്തിന്റെ കെട്ടിടം എന്നിവയ്ക്ക് പ്രതിഷേധക്കാർ തീവച്ചു.രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർടിയാണ് (ആർപിപി) ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സ്ഥിതിഗതികൾ വഷളായതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാഠ്മണ്ഡുവിലുടനീളം നൂറുകണക്കിന് സുരക്ഷാ സേന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2008-ൽ പാർലമെന്ററി പ്രഖ്യാപനത്തിലൂടെ 240 വർഷം നീണ്ട രാജവാഴ്ച നേപ്പാളിൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഒരു മതേതര, ഫെഡറൽ, ജനാധിപത്യ റിപ്പബ്ലിക്കായി നേപ്പാൾ മാറി. ഫെബ്രുവരി 19-ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ മുൻ രാജാവ് പൊതുജന പിന്തുണ അഭ്യർഥിച്ചതിനെത്തുടർന്നാണ് രാജവാഴ്ച പുനസ്ഥാപിക്കുന്നതിനുള്ള ആഹ്വാനങ്ങൾ വീണ്ടും ഉയർന്നത്.









0 comments