'ദൗത്യം ശുഭം': ഡ്രാഗൺ പേടകം അൺഡോക്ക് ചെയ്തു; ശുഭാംശുവും സംഘവും മടങ്ങി വരുന്നു

axiom 4

PHOTO CREDIT: X

വെബ് ഡെസ്ക്

Published on Jul 14, 2025, 04:52 PM | 1 min read

ഫ്ലോറിഡ: 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിൽനിന്ന് വൈകുന്നേരം 4.45 നാണ് ഇവരുമായി ഡ്രാഗൺ പേടകം അൺഡോക്ക് ചെയ്തത്. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷമാകും പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുക. ചൊവ്വ വൈകുന്നേരെ നാലോടെ പേടകം കലിഫോർണിയക്കടുത്ത് പസിഫിക്ക് സമുദ്രത്തിൽ പതിക്കും. ഇവരെ രക്ഷാപ്രവർത്തകരെത്തി നാസയിലേക്ക് കൊണ്ടുപോകും.


axiom 4


മടക്കയാത്രയ്ക്ക് മുന്നോടിയായി ഞായറാഴ്ച ശുക്ലയ്ക്കും സംഘത്തിനും നിലയത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. രണ്ടരയാഴ്ചത്തെ നിലയജീവിതം വലിയ പാഠശാലയായിരുന്നെന്ന് ശുഭാംശു പറഞ്ഞു. അത്ഭുതവും ആഹ്ലാദവും ആവേശവും പകർന്ന ദിനങ്ങളാണ് കഴിഞ്ഞുപോയത്. മാനവരാശിയുടെ വലിയ കൂട്ടായ്മയാണ് നിലയമെന്നും ശുക്ല പറഞ്ഞു. ഭൂമിയിൽനിന്ന്‌ കൊണ്ടുപോയ ഭക്ഷ്യവിഭവങ്ങൾ നിലയത്തിലുണ്ടായിരുന്ന മറ്റുള്ളവരുമായി പങ്കു വയ്‌ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ സംഘാംഗങ്ങൾ പങ്കുവച്ചു.


കാലാവസ്ഥ കൂടി പരിഗണിച്ചാണ് മടക്കയാത്ര നിശ്‌ചയിച്ചത്. 26ന്‌ നിലയത്തിലെത്തിയ ഇവർ വ്യാഴാഴ്‌ച മടങ്ങേണ്ടിയിരുന്നതാണ്‌. പസഫിക്ക്‌ സമുദ്രത്തിലെയും മറ്റും കാലാവസ്ഥ മോശമായതിനാലാണ്‌ ദൗത്യം നീട്ടിയത്‌. 31ന്‌ മറ്റൊരു സംഘത്തിന്‌ നിലയത്തിലേക്ക്‌ പുറപ്പെടേണ്ടതുണ്ട്‌. ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങൾ സംഘം പൂർത്തീകരിച്ചു. ഏഴെണ്ണം ഐഎസ്‌ആർഒയുടേതാണ്‌.


ടെക്സസിലെ ഹ്യൂസ്റ്റൺ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസ് നിയോഗിച്ച ചരിത്ര ദൗത്യത്തിൽ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ഉൾപ്പെടുന്നത്.


നാല് രാജ്യങ്ങളിലെയും അതത് സർക്കാരുകൾ സ്പോൺസർ ചെയ്യുന്ന ദൗത്യം ജൂൺ 26 നണ് ആരംഭിച്ചത്. ആരോഗ്യം, മെറ്റീരിയൽ സയൻസ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തുകയായിരുന്നു ലക്ഷ്യം. പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് പുറമേ, 31 രാജ്യങ്ങൾ ആക്സിയം-4 ദൗത്യത്തിൽ സംഭാവന നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home