തുർക്കിയിൽ ഭൂചലനം; 6.1 തീവ്രത, കെട്ടിടങ്ങൾ തകർന്നു

photo credit: X
അങ്കാറ : പടിഞ്ഞാറൻ തുർക്കിയിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാല് കെട്ടിടങ്ങൾ തകർന്നതായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 22 പേർക്ക് പരിക്കേറ്റു. ബാലികേസിർ പ്രവിശ്യയിലെ സിന്ദിർഗി പട്ടണത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദുരന്ത നിവാരണ, അടിയന്തര മാനേജ്മെന്റ് ഏജൻസിയായ എഎഫ്എഡി അറിയിച്ചു. പ്രാദേശിക സമയം രാത്രി 11:48 ന് 5.99 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ആദ്യ ഭൂകമ്പത്തിനു ശേഷം നിരവധി തുടർചലനങ്ങൾ ഉണ്ടായി.
ഇസ്താംബൂളിലും സമീപ പ്രവിശ്യകളായ ബർസ, മാനിസ, ഇസ്മിർ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. സിന്ദിർഗിയിലാണ് മൂന്ന് ആളൊഴിഞ്ഞ കെട്ടിടങ്ങളും ഒരു ഇരുനില കടയും തകർന്നുവീണതെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. മുമ്പുണ്ടായ ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളാണ് ഇപ്പോൾ തകർന്നുവീണതെന്നും മന്ത്രി പറഞ്ഞു.
വീടുകളിലേക്ക് മടങ്ങാൻ ഭയന്ന് പലരും തുറസായ ഇടങ്ങളിൽ തന്നെ കഴിയുകയായിരുന്നുവെന്ന് ഹാബർടർക്ക് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് മഴ പെയ്തതോടെ, തിരികെ പോകാൻ മടിക്കുന്നവരെ താമസിപ്പിക്കാനായി പള്ളികളും സ്കൂളുകളും സ്പോർട്സ് ഹാളുകളും തുറന്നതായി ബാലികേസിർ ഗവർണർ ഇസ്മായിൽ ഉസ്താവോഗ്ലു പറഞ്ഞു. ആഗസ്തിലും സിന്ദിർഗിയിലും 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനുശേഷം, ബാലികേസിറിന് ചുറ്റുമുള്ള പ്രദേശത്ത് ചെറിയ ഭൂചലനങ്ങൾ തുടർച്ചയായി ഉണ്ടായി.
ഭൂകമ്പങ്ങൾ പതിവായി ഉണ്ടാകുന്ന ഇടമാണ് തുർക്കി. 2023ൽ, 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തുർക്കിയിൽ 53,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 11 തെക്കൻ, തെക്കുകിഴക്കൻ പ്രവിശ്യകളിലായി ലക്ഷക്കണക്കിന് കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു. അയൽരാജ്യമായ സിറിയയുടെ വടക്കൻ ഭാഗങ്ങളിലും 6,000 പേർ കൊല്ലപ്പെട്ടു.









0 comments