ട്രംപിനായി മാക്രോണിന്റെ വഴിമുടക്കി ന്യൂയോർക്ക് പൊലീസ്

ന്യൂയോർക്ക്
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് വഴിയൊരുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വഴി തടഞ്ഞ് ന്യൂയോർക്ക് പൊലീസ്. യുഎൻ പൊതുസഭയിൽ സംസാരിച്ചശേഷം എംബസിയിലേക്ക് മടങ്ങവെയാണ് മാക്രോണിന്റെ വാഹനവ്യൂഹം പൊലീസ് തടഞ്ഞത്.
വാഹനത്തിൽനിന്നിറങ്ങി കാര്യമന്വേഷിച്ച മാക്രോണിനോട് ട്രംപിന് കടന്നുപോകാനായി ഗതാഗതം നിർത്തിവച്ചിരിക്കുകയാണെന്ന് പൊലീസ് പറയുന്ന ദൃശ്യം പുറത്തുവന്നു. അരികിലുള്ള എംബസി ചൂണ്ടിക്കാട്ടി അവിടേക്കാണ് പോകേണ്ടത്, റോഡ് മുറിച്ചുകടക്കാൻ അനുവദിക്കണമെന്ന് മാക്രോൺ പറയുന്നതും ട്രംപ് കടന്നുപോകാതെ കടത്തിവിടാനാകില്ലെന്ന പൊലീസുകാരന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഇതോടെ വഴിയരികിൽനിന്നുതന്നെ ട്രംപിനെ വിളിച്ച മാക്രോൺ ‘നിങ്ങൾക്കായി എല്ലാം മരവിപ്പിച്ചതിനാൽ ഞാൻ വഴിയിൽ കുടുങ്ങിയിരിക്കുകയാണെ’ന്ന് തമാശരൂപേണ പറഞ്ഞു. അപ്പോഴേക്കും ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോവുകയും ഗതാഗതം പുനഃസ്ഥാപിക്കുകയുംചെയ്‌തു. ഫോണിൽ സംസാരിച്ചുകൊണ്ടുതന്നെ കാൽനടയായി യാത്ര തുടർന്ന മാക്രോൺ വഴിപോക്കർക്കൊപ്പം ഫോട്ടോ എടുക്കുന്നതും വീഡിയോയിലുണ്ട്.









0 comments