ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടി: കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ പാർടിക്ക് ജയം

ഒട്ടാവ: കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർടി വിജയിച്ചു. 343 അംഗ പാർലമെന്റിൽ 165 സീറ്റുകൾ ലിബറൽ പാർടി നേടി. 172 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണം ഉറപ്പാക്കാൻ ലിബറൽ പാർടിക്ക് ചെറുപാർടികളുടെ പിന്തുണയുണ്ടാകും എന്നാണ് സൂചന. പിയറി പൊയിലീവ്രെയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർടി തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു. 145 സീറ്റുകളാണ് കൺസർവേറ്റീവ് പാർടിക്ക് നേടാനായത്.
ജസ്റ്റിൻ ട്രൂഡോ രാജി വച്ചതിന് പിന്നാലെ ഈ മാസം 14നാണ് മാർക്ക് കാർണി കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വ്യാപാര രംഗത്ത് കാനഡ-അമേരിക്ക തർക്കം നിലനിൽക്കുമ്പോഴായിരുന്നു മാർക്ക് കാർണി അധികാരത്തിലെത്തിയത്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കാനഡയുടെ ആദ്യ പ്രധാന മന്ത്രിയുമാണ് കാർണി. ബാങ്ക് ഓഫ് കാനഡയുടേയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു. കാർണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ ലിബറൽ പാർടി ഓഫ് കാനഡയും പ്രതിപക്ഷ പാർടിയായ കൺസർവേറ്റീവ് പാർടി ഓഫ് കാനഡയും തമ്മിലാണ് പ്രധാന മത്സരം നടന്നത്.
ലിബറലുകളുടെ പരാജയം കാത്തിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലെ പാർടിയുടെ വിജയം. രണ്ടാംവട്ടം ജയിച്ചതിന് പിന്നാലെ കാനഡയെ അമേരിക്കയുടെ 51–ാം സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ഭീഷണികളെ മറികടന്നാണ് മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർടി വിജയിച്ചത്. ഫെഡറൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ആക്രമിക്കാനും പരമാധികാരത്തെ ഭീഷണിപ്പെടുത്താനും ട്രംപ് ശ്രമിച്ചിരുന്നു.









0 comments