മോശം റേറ്റിങ്ങിൽ ചീഞ്ഞുപോകട്ടെ; ജിമ്മി കിമ്മൽ ഷോ പുനരാരംഭിക്കുന്നതിൽ എബിസിക്കെതിരെ ട്രംപ്

വാഷിങ്ടൺ : വിവാദങ്ങൾക്കൊടുവിൽ കൊമേഡിയനും അവതാരകനുമായ ജിമ്മി കിമ്മലിന്റെ ഷോ പുനരാരംഭിക്കാൻ എബിസി തീരുമാനിച്ചതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. മോശം റേറ്റിങ്ങിൽ ജിമ്മി കിമ്മലും ജിമ്മി കിമ്മൽ ഷോയും ചീഞ്ഞഴുകി പോകട്ടെ എന്നു പറഞ്ഞാണ് ട്രംപ് രോഷം പ്രകടിപ്പിച്ചത്. വിവാദങ്ങൾക്കൊടുവിൽ നിർത്തിവച്ച് ആറ് ദിവസത്തിനു ശേഷമാണ് ജനപ്രിയ ടെലിവിഷൻ ഷോയായ ജിമ്മി കിമ്മൽ ലൈവ് പുനരാരംഭിക്കാമെന്ന് എബിസി ന്യൂസും ഉടമസ്ഥരായ ഡിസ്നിയും തീരുമാനിച്ചത്.
എബിസി ജിമ്മി കിമ്മലിന് ജോലി തിരികെ നൽകിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഷോ റദ്ദാക്കിയതായി എബിസി വൈറ്റ് ഹൗസിനോട് പറഞ്ഞിരുന്നു. ഇത്രയും മോശമായി പ്രവർത്തിക്കുന്ന റേറ്റിങ്ങില്ലാത്ത ഒരാളെ അവർ എന്തിനാണ് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്. പരാജിതരുടെ കൂട്ടമാണ് എബിസി. ജിമ്മി കിമ്മലിലും ഷോയും മോശം റേറ്റിങ്ങിൽ ചീഞ്ഞഴുകിപ്പോകട്ടെ" - ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
തീവ്രവലതുപക്ഷ അനുയായി ആയിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതോടെ ചാനൽ പരിപാടി നിർത്തി വയ്ക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനായിരുന്നു കൊല്ലപ്പെട്ട ചാർളി കിർക്ക്. ചാർളി കിർക്കിന്റെ കൊലപാതകത്തിൽ യാഥാസ്ഥിതികർ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് എബിസി ജിമ്മി കിമ്മലിനെ സസ്‌പെൻഡ് ചെയ്തത്. ജിമ്മി കിമ്മൽ ഷോ നിർത്തിവച്ചതിനുപിന്നാലെ വ്യാപക പ്രതിഷേധമാണ് പൊതുജനങ്ങളിൽ നിന്നുണ്ടായത്. ഡിസ്നിയുടെ പ്ലാറ്റ്ഫോമുകൾ ജനങ്ങൾ ബഹിഷ്കരിച്ചു. 2003 മുതൽ ജിമ്മി കിമ്മൽ എബിസിയിൽ "ജിമ്മി കിമ്മൽ ലൈവ്" എന്ന പരിപാടി അവതരിപ്പിക്കുന്നുണ്ട്.
യൂട്ടാ വാലി സർവകലാശാലയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് 31 കാരനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണം നയിച്ചതിൽ ഉൾപ്പെടെ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് കിർക്ക്. 18ാം വയസിലാണ് കിർക്ക് യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായത്.









0 comments