ലിയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റു

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ഞായറാഴ്‌ച സ്ഥാനമേറ്റു. പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം പകൽ 1.30)തന്നെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ചടങ്ങുകൾ ആരംഭിച്ചു. പ്രധാന ബലിവേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തി. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ അനുസ്‌മരിച്ച് മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു പ്രധാന ചടങ്ങ്. കുർബാനക്കുശേഷം പോപ്പ് മൊബീലിൽ സഞ്ചരിച്ച് വിശ്വാസികളെ ആശീർവദിച്ചു.
ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. രാഷ്‌ട്രത്തലവന്മാർ ഉൾപ്പെടെ ഇരുനൂറിലധികം വിദേശ പ്രതിനിധികൾ പങ്കെടുത്തു. ലിയോ പാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായ തെക്കേഅമേരിക്കയിലെ പെറുവിൽനിന്നും വിശ്വാസികൾ വത്തിക്കാനിലെത്തി.
മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ പാത പിന്തുടരുമെന്ന് ലിയോ പതിനാലാമന്റെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അഭിമാനത്തിനു വിലകൽപ്പിക്കണമെന്നും സ്വജീവിതം ചൂണ്ടിക്കാട്ടി ലിയോ പാപ്പ വത്തിക്കാനിലെ നയതന്ത്ര പ്രതിനിധികളോട് ആഹ്വാനംചെയ്‌തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിന് എതിരാണ് മാർപാപ്പയുടെ നിലപാട്.
സ്നേഹവും ഐക്യവുമാണ് പ്രധാനമെന്ന് സ്ഥാനാരോഹണത്തിന് ശേഷമുള്ള പ്രസംഗത്തിൽ മാര്‍പ്പാപ്പ പറഞ്ഞു. സമാധാനം പുലരുന്ന ഒരു പുതിയ ലോകത്തിനായി മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വിവിധ മതസ്ഥരുമായുള്ള ഐക്യവും പ്രധാനം. ഐക്യത്തിലും സാഹോദര്യത്തിലും മുന്നോട്ട് പോകണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.









0 comments