സിന്ധ് പ്രവിശ്യയിൽ ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു. സൈഫുള്ള ഖാലിദ് എന്നറിയപ്പെടുന്ന റസുള്ള നിസാമാനിയാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിട്ടുളളതായാണ് വിവരം. അജ്ഞാതരായ ചില അക്രമികളാണ് സൈഫുള്ളയെ കൊലപ്പെടുത്തിയത്.
2005-ൽ ബാംഗ്ലൂരിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ് (ഐഎസ്‌സി) ആക്രമണം, 2006-ൽ നാഗ്പൂരിലെ ആക്രമണം, 2008-ൽ രാംപൂരിലെ സിആർപിഎഫ് ക്യാമ്പ് ആക്രമണം എന്നിവയുടെ ഗൂഢാലോചന നടത്തിയത് സൈഫുള്ളയാണ്. ആക്രമണങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു.
"വിനോദ് കുമാർ" എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സൈഫുള്ള ഖാലിദ് വർഷങ്ങളോളം നേപ്പാളിൽ താമസിച്ചിരുന്നു. അവിടെ വ്യാജ ഐഡന്റിറ്റിയിൽ താമസിച്ച് നഗ്മ ബാനു എന്ന യുവതിയെ വിവാഹം ചെയ്തു. നേപ്പാളിൽ നിന്ന് ഖാലിദ് ലഷ്കർ ഇ തൊയ്ബയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതായും റിക്രൂട്ട്‌മെന്റിലും ലോജിസ്റ്റിക്സിലും നിർണായക പങ്ക് വഹിച്ചതായുമാണ് കരുതപ്പെടുന്നത്.
അടുത്തിടെ ഖാലിദ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള മാറ്റ്‌ലിയിലേക്ക് തന്റെ താവളം മാറ്റിയിരുന്നു. ലഷ്‌കർ-ഇ-തൊയ്ബയ്ക്കും അതിന്റെ മുന്നണി സംഘടനയായ ജമാഅത്ത്-ഉദ്-ദവയ്ക്കും വേണ്ടി ഖാലിദ് പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം, ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 'ഓപ്പറേഷൻസ് കമാൻഡർ' ഷാഹിദ് കുട്ടായ് ഉൾപ്പെടെ മൂന്ന് ലഷ്കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു.









0 comments