അമേരിക്കയിലെ ചുഴലിക്കാറ്റ്, 34 പേർ മരിച്ചു

photo credit: X
ഹൂസ്‌റ്റൺ: അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. 34 പേർ മരിച്ചു. നിരവധിയാളുകൾക്ക് പരിക്ക്. അടിസ്ഥാനസൗകര്യങ്ങളും വൻതോതിൽ നശിപ്പിക്കപ്പെട്ടു.
കൻസാസിൽ വെള്ളി വൈകിട്ട് തുടങ്ങിയ ശക്തമായ പൊടിക്കാറ്റ് വാഹനങ്ങൾ മറിച്ചിട്ടു. വീടുകളടക്കം അനേകം കെട്ടിടങ്ങൾ നിലംപൊത്തി. അമ്പതിൽപ്പരം വാഹനങ്ങൾക്ക് കേടുപാടുണ്ടായി. എട്ടുപേർ മരിച്ചു. ടെക്സസിലും സമാനമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മിസൂറിയിൽ 12 പേർ മരിച്ചു. 25 കൗണ്ടികളിലായി 19 ചുഴലിക്കാറ്റ് വീശിയെന്നാണ് റിപ്പോർട്ട്. കാറ്റിനൊപ്പം കാട്ടുതീയും നാശംവിതയ്ക്കുന്ന അർക്കൻസാസ്, ജോർജിയ, ഒക്‌ലഹോമ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 2.5 ലക്ഷം കെട്ടിടങ്ങളിൽ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. 2024ൽ അമേരിക്കയിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 54 പേരാണ് മരിച്ചത്.
0 comments