കുർദുകളുടെ നൂറ്റാണ്ട് നീണ്ട പോരാട്ടം
തുർക്കിയിലും ഒരു വെടിനിർത്തൽ; ഇനി സമാധാനത്തിന്റെ പാതയിലെന്ന് കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർടി


എൻ എ ബക്കർ
Published on May 19, 2025, 06:01 PM | 4 min read
സ്വയം നിർണ്ണയത്തിനായുള്ള കുർദുകളുടെ പോരാട്ടം ഇനി ജനാധിപത്യത്തിന്റെ വഴിയിലേക്ക് മാറുമോ. സ്വന്തമായി ഒരു രാജ്യമെന്ന ദശാബ്ദങ്ങൾ നീണ്ട പോരാട്ടം ഇങ്ങനെ ഒരു പരിസമാപ്തിയിലേക്ക് എത്തിയതിന് പിന്നിൽ എന്താണ് പെട്ടെന്ന് സംഭവിച്ചത്.
തുർക്കി ഭരണകൂടവുമായുള്ള 40 വർഷത്തിലേറെയായി തുടരുന്ന സായുധ പോരാട്ടം നടത്തുന്ന സേന പിരിച്ചുവിടാനും കലാപം അവസാനിപ്പിക്കാനും തീരുമാനിച്ചതായി കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പാര്‍ട്ടിയ കര്‍കേരന്‍ കുര്‍ദ്ദിസ്ഥാൻ - പികെകെ) പ്രഖ്യാപിച്ചിരിക്കയാണ്.
ജയിലിൽ കഴിയുന്ന പികെകെയുടെ നേതാവ് അബ്ദുള്ള ഒകലാൻ എകാന്ത തടവറയിൽ നിന്ന് മെയ് 12 തിങ്കളാഴ്ചയാണ് സന്ദേശം പുറത്തു വിട്ടത്."സമാധാനത്തിനും ജനാധിപത്യ സമൂഹത്തിനും വേണ്ടിയുള്ള ആഹ്വാനം" എന്ന തലക്കെട്ടിൽ പുറത്തു വന്ന പ്രസ്താവന തന്റെ ഗ്രൂപ്പിനോട് ആയുധങ്ങൾ താഴെവെച്ച് സ്വയം കീഴടങ്ങാൻ ആവശ്യപ്പെട്ടു.
കുർദിഷ് ജനതയ്ക്കായി ഒരു സ്വതന്ത്ര രാഷ്ട്രം സൃഷ്ടിക്കുക എന്ന ദൗത്യത്തോടെ 1978 ലാണ് തുർക്കിയിലെ അബ്ദുള്ള ഒകലാൻ പികെകെ സ്ഥാപിച്ചത്. തുർക്കിയിലെ കുർദുകൾക്ക് സ്വയംഭരണവും കൂടുതൽ അവകാശങ്ങളും തേടുന്നതിലേക്ക് മാറുമ്പോഴും ലോകം മുഴുവനുമുള്ള കുർദുകൾ ഈ വാക്കുകൾ എങ്ങനെ കൈക്കൊള്ളുമെന്ന് നിശ്ചയമില്ല.
1984 മുതലാണ് തുർക്കി ഭരണകൂടത്തിനെതിരെ പികെകെ സായുധ പോരാട്ടങ്ങൾ രൂക്ഷമാക്കിയത്. നാല് പതിറ്റാണ്ടുകളായി 40,000 പേരുടെ എങ്കിലും ജീവൻ നഷ്ടപ്പെടുത്തിയ പോരാട്ടമാണ്. തുർക്കി, യൂറോപ്യൻ യൂണിയൻ, യുഎസ് "ഭീകര സംഘടന" യുടെ പട്ടികയിലാണ് പികെകെയെ ഉൾപ്പെടുത്തിയിരുന്നത്. തുർക്കിയിലും വടക്കൻ സിറിയയിലും, ഇറാനിലും എന്നിങ്ങനെ കുർദുകൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ എല്ലാം വേരുകളുള്ള സംഘടനയാണ്.
30 മുതൽ 45 ദശലക്ഷം വരെ ജനസംഖ്യയുള്ള കുർദുകൾ നൂറ്റാണ്ടുകളായി പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലെ ഭാഗങ്ങളിലായി അധിവസിച്ചുവരുന്ന ജനതയാണ്. കിഴക്കൻ തുർക്കി, വടക്കൻ ഇറാഖ്, പടിഞ്ഞാറൻ ഇറാൻ, വടക്കൻ സിറിയ, അർമേനിയ എന്നിങ്ങനെ അവരുടെ സാന്നിധ്യം വ്യാപിച്ച് കിടക്കുന്നു.
പാർടി രൂപീകരിച്ച് അടുത്ത വർഷം തന്നെ 1979 ൽ ഒകലാന് തുർക്കി വിടേണ്ടി വന്നിരുന്നു. 1980 കളിലും 1990 കളിലും, അന്നത്തെ സിറിയൻ പ്രസിഡന്റ് ഹാഫിസ് അൽ-അസദ് സിറിയയിലും അക്കാലത്ത് സിറിയയുടെ നിയന്ത്രണത്തിലായിരുന്ന ലെബനനിലെ ബെക്കാ താഴ്‌വരയിലും താവളങ്ങളും പരിശീലന ക്യാമ്പുകളും സ്ഥാപിക്കാൻ പികെകെയെ അനുവദിച്ചു.
1980-കള്‍ക്കും 90-കള്‍ക്കുമിടയില്‍ കുര്‍ദുകളും തുര്‍ക്കിയും നിരന്തരം ഏറ്റമുട്ടി. കിഴക്കന്‍ തുര്‍ക്കി വന്‍യുദ്ധങ്ങള്‍ക്ക് തന്നെ സാക്ഷിയായി. ഇറാഖിലെ കുര്‍ദിസ്താന്‍ മേഖലയിലേക്ക് തുര്‍ക്കി ആദ്യം വ്യോമാക്രമണവും പിന്നീട് കരവഴിയും ആക്രമണം നടത്തി. വലിയ ശക്തിയായി അവർ വളർന്നു.
പിന്നീട് ലോക രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെ സിറിയ ഒകലാനെ കൈവിട്ടു. 1999 ൽ കെനിയയിൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഇത്രയും കാലം ജയിലിൽ ഏകാന്ത തടവിലായിരുന്നു. തുർക്കി വധ ശിക്ഷ നിരോധിച്ച രാജ്യമാണ് എന്ന പരിഗണനയിൽ നേതാവ് ജീവിച്ചിരിക്കയായിരുന്നു.
അയൽ ബന്ധങ്ങൾ മാറിമറിഞ്ഞു
സിറിയയിലും ഇറാഖിലും ക്യാമ്പുകൾ നഷ്ടമായ സാഹചര്യത്തിലായിരുന്നു അബ്ദുളള ഒകലാന്റെ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി അഥവാ പികെകെ. 2024 ഡിസംബറിൽ മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിനെ അട്ടിമറിക്കപ്പെട്ട ശേഷം നില കൂടുതൽ വഷളായിരുന്നു. തുർക്കിയുടെ പിന്തുണയുള്ള ഹയാത്ത് തഹ്‌രിർ അൽ-ഷാം (എച്ച്ടിഎസ്) രാജ്യം ഏറ്റെടുത്തോടെ തുർക്കി സേനയും സിറിയയിലെ അവരുടെ സഖ്യകക്ഷികളും പികെകെയെ വീണ്ടും ലക്ഷ്യം വെച്ചു.
കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്ഡിഎഫ്) സിറിയയിലെ എച്ച്ടിഎസ് നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരുമായി രമ്യതയിൽ പോകുന്നതിന് ഒരു കരാർ ഒപ്പവെക്കുകയും ചെയ്തിരുന്നു.
മെയ് മാസത്തിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയും തുർക്കി തലസ്ഥാനമായ അങ്കാറയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തുർക്കിയും പികെകെയെയും തമ്മിലുള്ള സംഘർഷത്തിൽ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇതിന് തുടർച്ചയായി "ഇറാഖ് ഉറച്ച നിലപാട്" പ്രഖ്യാപിക്കയുണ്ടായി.
ഇതിനിടയിൽ കുറച്ച് കാലമായി അവർ നിലപാട് മയപ്പെടുത്തി. സ്വതന്ത്ര രാജ്യം എന്നതിൽ നിന്നും പിറകോട്ട് പോയി സ്വതന്ത്ര മേഖല എന്ന ആവശ്യത്തിലേക്ക് എത്തിയിരുന്നു. പിന്നീട് ജനാധിപത്യപരമായ പ്രാതിനിധ്യം എന്ന ആവശ്യത്തിലേക്കും അയഞ്ഞതായി വാർത്തയുണ്ടായി. മിഡിയില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാപങ്ങളാണ് തുര്‍ക്കിയിലും സിറിയയിലും ഇറാഖിലും ഇറാനിലുമായി തുടർന്ന് വന്നിരുന്നത്.
നഷ്ടപ്പെട്ട വാഗ്ദത്ത ഭൂമി
ഒന്നാം ലോക യുദ്ധം അവസാനിച്ചതിന് തുടർച്ചയായി കുർദ്ദിസ്ഥാൻ എന്ന രാജ്യം വാഗ്ദാനം ചെയ്യപ്പെട്ടത് ഓരോ ഘട്ടങ്ങളിലും നിഷേധിക്കപ്പെടുകയായിരുന്നു. അതിനുള്ള കാത്തിരിപ്പിലും പോരാട്ടത്തിലുമായിരുന്നു കുർദുകൾ. തുർക്കിയിൽ മാത്രം അവർ ഒന്നര കോടിയിലധികം ജനങ്ങളുണ്ട്. മൊത്തം തുർക്കി ജനസംഖ്യയുടെ 20 ശതമാനത്തോളം വരുമിത്. ലോകത്തിലെ ഏറ്റവും വലിയ 'രാജ്യരഹിത രാഷ്ട്ര'മായി ഇവർ നിലകൊള്ളുന്നു.
അറബികള്‍ക്കും പേര്‍ഷ്യന്‍ വംശജര്‍ക്കും തുര്‍ക്കികള്‍ക്കും ശേഷം പശ്ചിമേഷ്യയിലെ നാലാമത്തെ ഏറ്റവും വലിയ വംശീയവിഭാഗവും കുര്‍ദുകളാണ്. കുര്‍ദുകളില്‍ പല മതവിഭാഗക്കാര്‍ ഉണ്ട് സുന്നി രീതികൾ പിന്തുടരുന്നവരാണ് ഭൂരിപക്ഷം. മുസ്ലിംകളില്‍ തന്നെ ഷിയാ വിഭാഗവും അലവി വിഭാഗവും, യസീദികളും ക്രിസ്ത്യാനികളും കുര്‍ദുകള്‍ക്കിടയിലുണ്ട്.
അഞ്ചു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുര്‍ദിസ്താന്‍ മലനിരകളില്‍ അതിര്‍ത്തികളില്ലാതെയായിരുന്നു ഇവര്‍ ഒന്നാം ലോകമഹായുദ്ധകാലഘട്ടം വരെ ജീവിച്ചുപോന്നത്. പ്രാചീന വടക്കന്‍ മെസപ്പോട്ടോമിയ എന്നറിയപ്പെടുന്ന പ്രദേശത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലായിരുന്നു ഈ മലനിരകളും ജനങ്ങളും.
ഒന്നാം ലോകമഹായുദ്ധത്തില്‍ വിജയിച്ച സഖ്യശക്തികള്‍ രാജ്യങ്ങള്‍ വീതംവെയ്ക്കാന്‍ തുടങ്ങിയപ്പോള്‍, കുര്‍ദുകള്‍ക്ക് കുര്‍ദിസ്താന്‍ വാഗ്ദാനം ചെയ്യപ്പെട്ടു. അത് യാഥാര്‍ഥ്യമായില്ല. ആധുനിക തുര്‍ക്കിയുടേയും അതിന്റെ അയല്‍ രാജ്യങ്ങളുടേയും അതിര്‍ത്തി നിശ്ചയിക്കപ്പെട്ടപ്പോള്‍, കുര്‍ദിസ്താന്‍ എന്നൊരു രാജ്യം ലോകഭൂപടത്തില്‍ ഇല്ലാതെപോയി. ഇതോടെ അവര്‍ ജീവിച്ചുവരുന്ന ഭൂപ്രദേശം ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ കുര്‍ദുകള്‍ ന്യൂനപക്ഷമായി. അങ്ങിനെയാണ് ഇറാഖിൽ സ്വയംഭരണ പ്രദേശം ലഭിക്കുന്നത്. സദ്ദാം ഹുസൈനറെ കാലത്ത് അടിച്ചമർത്തപ്പെട്ടു. ഇറാഖിന്റെ എണ്ണ ശേഖരത്തിന്റെ അഞ്ചിൽ ഒന്ന് കുർദുകളുടെ ഭൂ പരിധിയിലായിരുന്നു.
ഭാഷയും പൗരത്വവും നഷ്ടമായി
1962-ല്‍ സിറിയയിലെ ഒരു ഗവര്ണ്റേറ്റില്‍ നടന്ന സെന്സിസിന് പിന്നാലെ 1.2 ലക്ഷം കുർദ്ദുകൾക്ക് പൗരത്വം നഷ്ടമായ സംഭവം ഉണ്ടായിരുന്നു. 1945-ന് മുമ്പ് തങ്ങള്‍ സിറിയയില്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു കാരണം. ഇവര്ക്ക് വോട്ടവകാശവും സ്വത്ത് കൈവശംവെക്കുന്നതും വ്യവസായം നടത്തുന്നതും നിഷേധിക്കപ്പെട്ടു. നിയമപരമായി വിവാഹം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ വന്നു. 2011 ലാണ് ഇവരിൽ കുറച്ച് പേർക്ക് അംഗീകാരം തിരികെ ലഭിക്കുന്നത്.
കുർദുകളുടെ ഭാഷ സംസാരിക്കുന്നതിനും എഴുതുന്നതിനും കേൾക്കുന്നതിനും വിലക്കുണ്ടായിരുന്നു. എന്നിട്ടും രഹസ്യ റേഡിയോ സ്റ്റേഷനുകൾ വരെ പ്രവർത്തിപ്പിച്ച് ഭാഷയെ നിലനിർത്തി. രഹസ്യമായി വലിയ സംഗീതകാരരും നർത്തകരും ഉണ്ടായി. വർണ്ണാഭമാണ് കുർദ്ദുകളുടെ സാസ്കാരിക ജീവിതവും കലയും. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ വനിതാ വിമോചന പ്രസ്ഥാനം കുർദുകൾക്കിടയിലാണ്.
തുർക്കിയിൽ അവർക്ക് ജനാധിപത്യത്തോട് ചേർന്ന് പോകുന്ന ഒരു പാർടിയുണ്ട്. പീപ്പിൾസ് ഇക്വാലിറ്റി ആൻ്റ് ഡെമോക്രസി പാർടി. ഡിഇഎം പാർടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇവർ ഒകലാന്റെ പികെകെയുടെ രാഷ്ട്രീയ മുഖമാണ് എന്ന് വിശേഷിക്കപ്പെടുന്നുണ്ട്. ഇവരുടെ നൂറിൽ അധികം കുർദിഷ് നേതാക്കളെ തുർക്കി സർക്കാർ മേയർ സ്ഥാനങ്ങളിൽ നിന്നും ബലമായി പിരിച്ചു വിട്ടിരുന്നു. 1980 കളിൽ കുർദിഷ് ഭാഷ സംസാരിക്കുന്നതും എഴുതുന്നതും നിരോധിച്ചിരുന്നു.
സിറിയയിലും ഇറാഖിലും അർമീനിയയിലും കുർദ് സംഘടനകൾ സജീവമാണ്. ഇവരിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കൻ സഖ്യ സേനയ്ക്കൊപ്പം പടനയിച്ചവരും ഉണ്ട്. ഇറാഖിന്റെ ഖാൻഡിൽ മലനിരകളിൽ സമാന്തര സർക്കാർ തന്നെയും പ്രവർത്തിക്കുന്നു. മാക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളിൽ ഊന്നിയാണ് പികെകെ ആദ്യകാലങ്ങളിൽ പ്രവർത്തനം നടത്തിയിരുന്നത്. ഇപ്പോൾ കുദ്ദിസ്ഥാൻ എന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. ഒരു വർഷമായി ഒകലാനെ മുൻനിർത്തി ഇതിനായി തുർക്കി ചർച്ചകൾ തുടരുകയായിരുന്നു. 2028 ൽ തുർക്കിയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്.
0 comments