കുടിയേറ്റ റെയിഡുകളെ ന്യായീകരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിനയുടെ ബന്ധു അതേ കേസിൽ അറസ്റ്റിൽ

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ റെയ്ഡുകളെ ശക്തമായി ന്യായീകരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ ബന്ധു അതേ കേസിൽ അറസ്റ്റിൽ. കരോലിൻ ലീവിറ്റിന്റെ സഹോദരൻ മൈക്കിൾ ലീവിറ്റിന്റെ മുൻ പങ്കാളി ബ്രൂണ കരോലിൻ ഫെരേരയാണ് പിടിയിലാണ്. ഇവർക്ക് 11 വയസുള്ള മകനുണ്ട്.
ബ്രസീൽ സ്വദേശിയായ ബ്രൂണ ബി2 ടൂറിസ്റ്റ് വിസയിലാണ് അമേരിക്കയിൽ പ്രവേശിച്ചത്. ഇവരെ ബ്രസീലിലേക്ക് നാടുകടത്താനാണ് നീക്കം. ഇപ്പോൾ സൗത്ത് ലൂസിയാന ഐസിഇ പ്രോസസ്സിംഗ് സെന്ററിൽ പാർപ്പിച്ചിരിക്കയാണ്. ഈ മാസം ആദ്യം മസാച്യുസെറ്റ്സിലെ റെവറിൽ വെച്ചാണ് ബ്രൂണയെ കസ്റ്റഡിയിലെടുത്തത്. ബ്രൂണ ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതാണ്. അവർ അനധികൃത കുടിയേറ്റക്കാരി ആണെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് പറഞ്ഞു.
നാടുകടത്തൽ നടപടികൾക്കെതിരെ പോരാടാൻ സഹായിക്കുന്നതിനായി 30,000 ഡോളർ സമാഹരിക്കാൻ ബ്രൂണയുടെ സഹോദരി ഫണ്ട് മി ക്യാമ്പയിൻ ആരംഭിച്ചു. ഇതുവരെ 14,000 ഡോളറിലധികം സമാഹരിച്ചതായാണ് വാർത്ത.
ബ്രൂണ ഡെഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ് (ഡിഎസിഎ) പ്രോഗ്രാമിന് കീഴിൽ നിയമപരമായി അമേരിക്കയിൽ എത്തിയതാണെന്നും ഗ്രീൻ കാർഡ് ലഭിക്കാനുള്ള അർഹതയുണ്ടെന്നും അവരുടെ അഭിഭാഷകൻ വാദിച്ചു. ഈ പദ്ധതി പ്രകാരം കുട്ടികളായിരിക്കെ അമേരിക്കയിലേക്ക് കൊണ്ടുവരപ്പെട്ട കുടിയേറ്റക്കാർക്ക് നാടുകടത്തലിൽ നിന്ന് സംരക്ഷണം ലഭിക്കും.
ഇമിഗ്രേഷൻ സ്വീപ്പുകളിൽ തടങ്കലിൽ വച്ചവരിൽ ധാരാളം ഡിഎസിഎ സ്വീകർത്താക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.








0 comments