ചാർളി കിർക്കിനെക്കുറിച്ച് പരാമർശം; ജിമ്മി കിമ്മലിന്റെ ചാനൽ പരിപാടി അനിശ്ചിതമായി നിർത്തിവച്ചു

ന്യൂയോർക്ക്: ചാർളി കിർക്കിനെക്കുറിച്ചുള്ള പരാമർശം വിവാദമായതോടെ കൊമേഡിയൻ ജിമ്മി കിമ്മലിന്റെ രാത്രികാല പരിപാടി അനിശ്ചിതമായി നിർത്തിവച്ച് വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള എബിസി ന്യൂസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയും തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രചാരകനുമായ ചാർളി കിർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയത് കുറ്റകരവും വികാരരഹിതവും ആണെന്നായിരുന്നു കിമ്മലിന്റെ വാദം. ഇതിനെതിരെ പ്രമുഖരുൾപ്പെടെ രംഗത്തെത്തിയതോടെ പരിപാടി നിർത്തിവയ്ക്കുന്നതായി ചാനൽ അറിയിക്കുകയായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാധ്യമ വേട്ട വർദ്ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും പ്രചാരവും സ്വാധീനവുമുള്ള ചാനൽപരിപാടി നിർത്തിവയ്ക്കുന്നത്. "അമേരിക്കയ്ക്ക് വലിയ വാർത്ത: റേറ്റിംഗ് കുറവുള്ള ജിമ്മി കിമ്മലിന്റെ പരിപാടി റദ്ദാക്കി. ചെയ്യേണ്ട കാര്യം ഒടുവിലെങ്കിലും ചെയ്യാൻ ധൈര്യം കാണിച്ചതിന് എബിസിക്ക് അഭിനന്ദനങ്ങൾ" എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ ട്രംപ് പ്രതികരിച്ചത്. കിമ്മലിന് ഒരു കഴിവുമില്ല, കോൾബർട്ടിനേക്കാൾ മോശം റേറ്റിങ്ങാണുള്ളത്, എൻബിസിയിൽ പ്രക്ഷേപണം ചെയ്യുന്ന മറ്റ് വ്യാജ പരിപാടികളും റദ്ദുചെയ്യണം എന്നിങ്ങനെയാണ് ട്രംപ് കുറിച്ചിരിക്കുന്നത്.

യൂട്ടാ വാലി സർവകലാശാലയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് 31 കാരനായ ചാർളി കിർക്കിന് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണം നയിച്ചതില്‍ ഉള്‍പ്പെടെ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് കിർക്ക്. 18ാം വയസിലാണ് കിർക്ക് യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായത്.








0 comments