ആൻഡമാനിലും ഭൂകമ്പം
ജപ്പാനിൽ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്

ടോക്യോ: ഞായറാഴ്ച വൈകുന്നേരം ജപ്പാൻ തീരത്ത് ഉണ്ടായ ഭൂകമ്പം 6.7 തീവ്രത രേഖപ്പെടുത്തി. സമുദ്രത്തിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ഇവാട്ടെ പ്രിഫെക്ചർ പ്രവിശ്യയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കയാണ്.
ഇവാട്ടെ പ്രിഫെക്ചറിലെ ഒഫുനാറ്റോ നഗരത്തിലെ തീരപ്രദേശങ്ങളിലെ 2,825 വീടുകളിലെ ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകി. കമൈഷി നഗരം, ഒട്സുച്ചി പട്ടണം, റികുസെന്റകട്ട നഗരം എന്നിവയുൾപ്പെടെ മറ്റ് മുനിസിപ്പാലിറ്റികൾ കടൽഭിത്തികൾക്ക് പുറത്തുള്ള പ്രദേശങ്ങളിലെ ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകി.
ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾ പ്രവചിക്കപ്പെട്ടതായി ഏജൻസി അറിയിച്ചു. ഇതേ പ്രദേശങ്ങളിൽ 10 അനുബന്ധ ചലനങ്ങൾ കൂടി ഉണ്ടായതായി റിപ്പോർട്ടുണ്ട്. അതിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പവും ഉൾപ്പെടുന്നു.
തൊഹോകു ഷിങ്കൻസെൻ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു. ഷിൻ-അമോറി സ്റ്റേഷനുകൾക്കിടയിൽ റെയിൽ ഗതാഗതം നിർത്തി. മിയാഗി പ്രിഫെക്ചറിലെ ഒനാഗാവ നഗരത്തിൽ ഒരു ആണവ നിലയവും പ്രവർത്തിക്കുന്നുണ്ട്.

തീരത്ത് നിന്ന് മാറിത്താമസിക്കാനും പ്രദേശത്ത് ഉണ്ടായേക്കാവുന്ന തുടർചലനങ്ങൾക്കും സുനാമി തിരമാലകൾക്കും എതിരെ ജാഗ്രത പാലിക്കാനും പ്രധാനമന്ത്രി സനേ തകായിച്ചി മുന്നറിയിപ്പ് നൽകി.
അടുത്ത കുറച്ച് ദിവസങ്ങളിൽ സമാനമായതോ അതിലും ശക്തമായതോ ആയ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് പുറപ്പെടുവച്ചിട്ടുണ്ട്.
ആൻഡമാനിലും ഭൂകമ്പം
ഞായറാഴ്ച ആൻഡമാൻ കടലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഉച്ചയ്ക്ക് 12.06 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്റെ ആഴം 90 കിലോമീറ്ററായിരുന്നുവെന്ന് സീസ്‌മോളജി സെന്റർ അറിയിച്ചു.









0 comments