സന വിമാനത്താവളത്തില്‍ ഇസ്രയേല്‍ ആക്രമണം; യമനിയ എയര്‍ലൈന്‍സ് തകര്‍ത്തു

photo credit: X
അനസ് യാസിന്‍
Published on May 28, 2025, 09:58 PM | 1 min read
മനാമ: യമൻ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഇസ്രയേൽ ആക്രമണം. വിമാനതാവള റൺവേയും യമനിയ എയർലൈൻസ് വിമാനവും ബോംബിട്ട് തകർത്തു.
ബുധനാഴ്ച ഉച്ചയോടെയാണ് വിമാവതാവളത്തിനുനേരെ വ്യോമാക്രമണമുണ്ടായത്. റൺവേക്ക് പുറമേ ടാർമാർക്കിലുണ്ടായ യമനിയ വിമാനവും തകർത്തു. വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് നാലു തവണ ആക്രണമുണ്ടായതായി അൽ മാസിറ ടിവി റിപ്പോർട്ട് ചെയ്തു.
മക്കയിൽ വാർഷിക ഹജ്ജ് തീർത്ഥാടനത്തിന് പോകാനായി തീർത്ഥാടകർ ഈ വിമാനത്തിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിനുനേരെ ആക്രമണമുണ്ടായതെന്ന് യമനിൽനിന്നുള്ള റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സിവിലിയൻ വിമാനത്താവളത്തെയാണ് ഇസ്രയേൽ ആക്രമിച്ചതെന്ന് ഹൂതി മിലിഷ്യ അറിയിച്ചു. യമനിയ എയർലൈൻസിന്റെ അവശേഷിക്കുന്ന ഏക വിമാനമാണ് തകർന്നതെന്ന് സനാ വിമാനത്താവള ഡയറക്ടർ ഖാലിദ് അൽ ഷൈഫ് എക്‌സിൽ പറഞ്ഞു. ആറ് വിമാനങ്ങൾ മെയ് ആറിന് ഇസ്രയേൽ ബോംബിട്ട് തകർത്തിരുന്നു. അതിനുശേഷം കഴിഞ്ഞ 17നാണ് വിമാനത്താവളം വീണ്ടും പ്രവർത്തനം പുനരാരംഭിച്ചത്.
യമനിലേക്ക് സഹായം എത്തിക്കാനായി യുഎൻ ഉപയോഗിക്കുന്നത് സന അന്താരാഷ്ട്ര വിമാനത്താവളമാണ്. ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ 20 ദശലക്ഷത്തിലധികം പേർക്ക് വൈദ്യചികിത്സ, മരുന്ന്, സഹായം എന്നിവ ലഭ്യമാക്കുന്ന ഒരു സുപ്രധാന കണ്ണിയാണ് സന വിമാനത്താവളം.
ചൊവ്വ ഇസ്രയേലിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികൾ തുടർച്ചയായി രണ്ടു ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം.
സന വിമാനത്താവളത്തിലെ ഹൂതി ഭീകര ലക്ഷ്യങ്ങൾക്കുനേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. ഹൂതികൾക്ക പിന്നിലെ പ്രധാന ശക്തി ഇറാനാണെന്നും യമനിൽ നിന്ന് പുറപ്പെടുന്ന ആക്രമണത്തിന് അവർ ഉത്തരവാദികളാണെന്നും ഇസ്രയേൽ പ്രധാനമന്രന്തി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.









0 comments