ഗാസയിൽ വെടിനിർത്തൽ കരാർ നീട്ടുമെന്ന് ഇസ്രയേൽ

ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ കരാർ നീട്ടുമെന്ന് ഇസ്രയേൽ. റമദാൻ, പെസഹ ആഘോഷങ്ങൾ വരാനിരിക്കെയാണ് തീരുമാനം. ആദ്യഘട്ട വെടുനിർത്തൽ കരാർ ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യഹുവിന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആറ് ആഴ്ചകൾ കൂടി താത്കാലിക വെടിനിർത്തൽ തുടരുമെന്നാണ് ഇസ്രയേൽ അറിയിച്ചത്. നെതന്യാഹു വിളിച്ചുചേർത്ത നാല് മണിക്കൂർ യോഗത്തിന് ശേഷമാണ് ഇസ്രയേൽ സർക്കാർ വെടിനിർത്തൽ നീട്ടലിനെ പിന്തുണച്ചത്.
രണ്ടാം ഘട്ട വെടിനിർത്തലിൽ അന്തിമമായി നടക്കുമെന്ന് അമേരിക്കൻ, ഖത്തർ, ഈജിപ്ഷ്യൻ മധ്യസ്ഥർ ഉറപ്പുനൽകാതെ ഒന്നാം ഘട്ടം നീട്ടുന്നതിനോട് യോജിക്കില്ലെന്ന് ഹമാസ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇസ്രയേലിന്റെ പുതിയ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗാസ മുനമ്പിലേക്കുള്ള എല്ലാ ചരക്കുകളുടേയും വിതരണം ഇസ്രയേൽ നിർത്തിവച്ചു. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം നീട്ടുന്നതിനുള്ള പുതിയ നിർദ്ദേശം ഹമാസ് അംഗീകരിച്ചില്ലെങ്കിൽ "അധിക പ്രത്യാഘാതങ്ങൾ" ഉണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
അതേസമയം, വെടിനിർത്തൽ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായി ഹമാസ് ആരോപിച്ചു. ഗാസയിലേക്കുള്ള സഹായം നിർത്താനുള്ള ഇസ്രയേലിന്റെ തീരുമാനം കൊള്ളയടിക്കലും വെടിനിർത്തൽ കരാറിനെതിരായ നഗ്നമായ ആക്രമണമാണ് എന്നുമാണ് ഹമാസിന്റെ ആരോപണം. വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായുള്ള മാനുഷിക സഹായം ഉൾപ്പെടെയുള്ള വ്യവസ്ഥകളുടെ കാലാവധി ശനിയാഴ്ച അവസാനിച്ചു. രണ്ടാം ഘട്ട വെടിനിർത്തലിനെക്കുറിച്ച് ഇരുപക്ഷവും ഇതുവരെ ചർച്ച നടത്തിയിട്ടില്ല.








0 comments