print edition ലബനനിലും ഇസ്രയേൽ ആക്രമണം

ബെയ്‌റൂട്ട്
വെടിനിർത്തൽ കരാർ കാറ്റിൽപ്പറത്തി ഗാസയിൽ പലസ്‌തീൻകാരെ കൊന്നൊടുക്കുന്നതിനൊപ്പം ലബനനിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. തെക്കൻ ലബനനിലെ ഗ്രാമങ്ങളിൽ കടന്നുകയറിയും ആക്രമണം നടത്തി. ബ്ലിദയിൽ നടന്ന ആക്രമണത്തിൽ ഒരു മുനിസിപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. 450 ഡ്രോണുകൾ ബെയ്‌റൂട്ടിലും പരിസങ്ങളിലും എത്തി. ഹിസ്‌ബുള്ള തീവ്രവാദകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. രാജ്യത്തു കടന്നുകയറിയുള്ള ആക്രമണത്തെ ചെറുക്കുമെന്ന് ലബനൻ സർക്കാരും സായുധവിഭാഗമായ ഹിസ്‌ബുള്ളയും അറിയിച്ചു.
ഹമാസ് 2 മൃതദേഹങ്ങൾകൂടി കൈമാറി
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് രണ്ട് മൃതദേഹങ്ങൾകൂടി ഇസ്രയേലിന് കൈമാറി. വ്യാഴാഴ്‌ച റെഡ്‌ക്രോസ് മുഖേനയായിരുന്നു കൈമാറ്റം. വെടിനിർത്തൽ ശക്തമായി നടപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്പോഴും ഗാസയിലെ ആക്രമണവും ഉപരോധവും ഇസ്രയേൽ തുടരുകയാണ്. കഴിഞ്ഞദിവസം 46 കുട്ടികൾ ഉൾപ്പെടെ 104 പേരെ ഗാസയിൽ കൊന്നൊടുക്കിയിരുന്നു. വ്യാഴാഴ്ച ഖാൻ യൂനിസിലെ അബസാനിലെ വൈദ്യുതിനിലയം ഇസ്രയേൽ തകർത്തു.
അപലപിച്ച് യുഎൻ
വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് അപലപിച്ചു. വെടിനിർത്തൽക്കരാർ നിലനിൽക്കെ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. സമാധാനനീക്കങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നുമുണ്ടാകരുത്. ഗാസയിൽ ദുരിതമനുഭവിക്കുന്ന മനുഷ്യരെ പുനരധിവസിപ്പിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനുമാണ് ശ്രമങ്ങൾ ഉണ്ടാകേണ്ടതെന്നും ഗുട്ടെറെസ് പറഞ്ഞു.









0 comments