കൊന്നൊടുക്കും; ഗാസയിൽ പുതിയ ഓപ്പറേഷനുമായി ഇസ്രയേൽ

ജറുസലേം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യ വിട്ടതിനു പിന്നാലെ ഗാസയിൽ കൂട്ടക്കൊലയ്ക്ക് പുതിയ സൈനിക നടപടി ആരംഭിച്ച് ഇസ്രയേൽ. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസിൽ സമ്മർദം ചെലുത്താൻ വൻ പ്രഹരശേഷിയുള്ള നിർണായക ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ ശനിയാഴ്ച പ്രഖ്യാപിച്ചു. ഓപ്പറേഷൻ ‘ഗിദെയോൻസ് ചാരിയറ്റ്‌സ്' (ഗിദെയോന്റെ രഥങ്ങൾ) വൻ ശക്തിയോടെ നടപ്പാക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു.
മൂന്നുമാസമായി തുടരുന്ന ഉപരോധത്തിൽ ഭക്ഷണവും വെള്ളവുംപോലുമില്ലാതെ പട്ടിണിയിലായ ഗാസ മുനമ്പിലെ നിരപരാധികളെ കൂടുതൽ വേഗത്തിൽ കൊന്നൊടുക്കാനുള്ള നീക്കമാണിത്. ഹമാസിനെ ഉന്മൂലനംചെയ്യാൻ ഏതുവഴിയും സ്വീകരിക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. അതേസമയം, ശനിയാഴ്ച ദോഹയിൽ പുതിയ റൗണ്ട് ചർച്ച ഔദ്യോഗികമായി ആരംഭിച്ചതായി ഹമാസ് മേധാവിയുടെ ഉപദേഷ്ടാവ് താഹിർ അൽ-നൗനൗ ബിബിസിയോട് പറഞ്ഞു.
മാർച്ച് 18ന് ഇസ്രയേൽ വെടിനിർത്തൽ ഉടമ്പടി ലംഘിച്ചശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം മൂവായിരം പിന്നിട്ടു. ശനിയാഴ്‌ച 150ലേറെ പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിൽ പുലർച്ചെ മുതൽ ശക്തമായ ബോംബാക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടു. വടക്കൻ ജബാലിയ അഭയാർത്ഥിക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടെന്ന് അൽ-അവ്ദ ആശുപത്രി അറിയിച്ചു. മധ്യ ഗാസയിലെ ദേർ അൽ-ടൊയുടെ കിഴക്ക് വ്യോമാക്രമണത്തിൽ ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു.
ദേർ അൽ-ബലയിൽ മറ്റൊരു ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ "ഭൂഗർഭപാത’ പൊളിച്ചുമാറ്റുന്നതിനിടെ ഡസൻ കണക്കിന് ഹമാസുകാരെ കൊന്നതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. 20 ലക്ഷത്തിലധികം ആളുകൾ പാർക്കുന്ന പ്രദേശത്തേക്ക് ഭക്ഷണമോ വെള്ളമോ ഇന്ധനമോ അവശ്യസാധനങ്ങളോ എത്തുന്നില്ല. ഉപരോധം നീക്കിയില്ലെങ്കിൽ ഗാസ പൂർണ പട്ടിണിയിലാകുമെന്ന് ഭക്ഷ്യസുരക്ഷാ വിദഗ്ധർ പറയുന്നു.









0 comments