ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ; വെടിനിർത്തലിന് ശേഷവും കൊല്ലപ്പെട്ടത് 97 പലസ്തീനികൾ

gaza
വെബ് ഡെസ്ക്

Published on Oct 20, 2025, 09:27 AM | 1 min read

ഗാസ സിറ്റി: സമാധാന കരാർ ലംഘിച്ച്‌ തെക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യം കൂട്ടക്കുരുതി തുടരുന്നു. ആക്രമണങ്ങളിൽ കുറഞ്ഞത് 97 പലസ്തീനികൾ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. 230 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 80 തവണ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് പറയുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ നാബ്ലസിനടുത്തുള്ള 70 ഏക്കറിലധികം (28.3 ഹെക്ടർ) പലസ്തീൻ ഭൂമി ഇസ്രയേൽ പിടിച്ചെടുത്തു. സൈനിക പ്രവർത്തനങ്ങൾക്കായി ഇസ്രയേൽ പ്രദേശം വളഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.


യുദ്ധത്തിൽ കുടിയിറക്കപ്പെട്ട സാധാരണക്കാർക്ക് അഭയം നൽകിയിരുന്ന സ്‌കൂളിന് നേരെയും ആക്രമണമുണ്ടായി. മധ്യ ഗാസ മുനമ്പിലെ നുസൈറത്ത് ക്യാമ്പിന് പടിഞ്ഞാറുള്ള അബു സലീമിൽ കുടിയിറക്കപ്പെട്ട പലസ്‌തീകാർ താമസിച്ച ടെന്റിനുനേരെയും ആക്രമണമുണ്ടായി. ആറ് പേർ കൊല്ലപ്പെട്ടു. ഒക്ടോബർ പത്തിന്‌ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ സൈന്യം 47 തവണ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇതിൽ 35 പേർ കൊല്ലപ്പെടുകയും 146 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധവിമാനങ്ങളും വ്യോമസേന വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ്‌ ആക്രമണം.


ഗാസയിലെ ഹമാസിന്റെ ആയുധ സംഭരണ ​​കേന്ദ്രങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ്‌ ആക്രമണം നടത്തിയതെന്ന്‌ ഇസ്രയേൽ അവകാശപ്പെട്ടു. തെക്കൻ ഗാസയിൽ തങ്ങളുടെ രണ്ടു സൈനികർ കൊല്ലപ്പെട്ടതായും ഇതിന്‌ വലിയ തിരിച്ചടി നൽകുമെന്നും ഇസ്രയേൽ അറിയിച്ചു.


ഹമാസ് ആയുധം വച്ച്‌ കീഴടങ്ങുംവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചു. കരാറിലെ വ്യവസ്ഥകൾ പൂർണമായി നടപ്പായാൽ മാത്രമേ ഗാസയിൽ ആക്രമണം അവസാനിപ്പിക്കൂ. ഗാസ മുനമ്പിൽനിന്ന് ഹമാസ് ​സേനയെ പിൻവലിക്കണം. അല്ലെങ്കിൽ ആക്രമണം കടുത്ത രീതിയിൽ തുടരുമെന്നും നെതന്യാഹു ഭീഷണിപ്പെടുത്തി. ഞായറാഴ്‌ച നാല്‌ പലസ്‌തീൻ ബന്ദികളുടെ മൃതദ്ദേഹങ്ങൾ കൂടി ഇസ്രയേൽ കൈമാറി. ഇവയിൽ പലതും വികൃതമാക്കിയ നിലയിലായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home