ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ കരാറിന്റെ കരട് രേഖ കൈമാറി ഖത്തർ

ദോഹ/കെയ്‌റോ: ഇസ്രയേൽ - ഹമാസ് ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ നിർണായക നീക്കം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ അന്തിമ കരാറിന്റെ കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറി. കരാർ സംബന്ധിച്ച് ഇസ്രയേലും ഹമാസും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇസ്രയേലിലെ മൊസാദ്, ഷിൻ ബെറ്റ് രഹസ്യാന്വേഷണ ഏജൻസികളുടെ മേധാവികളും ഖത്തർ പ്രധാനമന്ത്രിയും ചേർന്ന് ദോഹയിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാർ അവതരിപ്പിച്ചത്. ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുക എന്നതാണ് കരാറിലെ ഒരു നിർദേശം. നിയുക്ത യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്ച, ബൈഡൻ ഭരണകൂടത്തിന്റെ പ്രതിനിധി ബ്രെറ്റ് മക്‌ഗുർക്കും എന്നിവരും വെടിനിർത്തൽ ചർച്ചയിൽ പങ്കെടുത്തതായി യുഎസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖത്തറിലെത്തിയ ഇസ്രയേൽ ഹമാസ് പ്രതിനിധികൾക്ക് കരാറിന്റെ കരട് ലഭിച്ചതായി ഇസ്രയേലിന്റെ കാൻ റേഡിയോ റിപ്പോർട്ട് ചെയ്തു. ഹമാസ് - ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾ ഏറെ നാളായി പുരോഗമിക്കുകയായിരുന്നു. അതിനിടയിലാണ് ഖത്തറിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ നിർണായക പുരോഗതി കൈവരിച്ചത്.
Related News

0 comments