ഇസ്രയേൽ വംശഹത്യക്ക് വിരാമമാകുന്നു; ഗാസയിൽ ഞായർ രാവിലെ 8.30 മുതൽ വെടിനിർത്തൽ

ദോഹ: ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ഞായറാഴ്‌ച രാവിലെ മുതൽ പ്രാവർത്തികമാകും. ഖത്തർ വിദേശകാര്യ മന്ത്രിയുടെ വക്താവ് മജീദ് അൽ അൻസാരി എക്‌സിലൂടെ ഞായർ രാവിലെ 8.30 മുതൽ ഗാസയിൽ വെടിനിർത്തൽ നടപ്പിലാകുമെന്ന് അറിയിച്ചത്.
‘ഇരു കക്ഷികളും തമ്മിലുള്ള കരാറനുസരിച്ച് ഞായർ രാവിലെ പ്രാദേശിക സമയം 8.30 മുതൽ വെടിനിർത്തൽ പ്രാവർത്തികമാകും. പ്രദേശ വാസികൾ ഇതിനായുള്ള മുൻകരുതലുകൾ എടുക്കണമെന്നും ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള നിർദേശങ്ങൾക്കായി കാത്തിരിക്കണമെന്നും അറിയിക്കുന്നു.’- മജീദ് അൽ അൻസാരി എക്‌സിൽ കുറിച്ചു.
ശനിയാഴ്‌ചയാണ് ഗാസയിൽ ഞായർ മുതൽ വെടിനിർത്തൽ നടപ്പാക്കാനുള്ള ധാരണയ്‌ക്ക് 11 അംഗ ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ മന്ത്രിസഭ അംഗീകാരം നൽകിയത്. വെടിനിർത്തലിന് അംഗീകാരമായതോടെ 2023 ഒക്‌ടോബർ ഏഴുമുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് വിരാമമാകും.
ബുധൻ രാത്രി വെടിനിർത്തൽ ധാരണയായെന്ന പ്രഖ്യാപനത്തിനുശേഷം മാത്രം 28 കുട്ടികളും 31 സ്ത്രീകളുമടക്കം 113 ഗാസ നിവാസികൾക്ക് ആക്രമണത്തിൽ ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ മൂന്ന് മാധ്യമപ്രവർത്തകരുമുണ്ട്. ഇതോടെ ഇസ്രയേൽ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ട ഗാസനിവാസികളുടെ എണ്ണം 46,876 ആയി. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 206 ആയി.
0 comments