സിറിയയെ ആക്രമിച്ച് ഇസ്രയേൽ

ഡമാസ്‌കസ്/ജറുസലേം
ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിൽ സ്ഥിതിഗതി വഷളാക്കി ഇസ്രയേലിന്റെ ആക്രമണം. ഡമാസ്‌കസിൽ സൈനിക ആസ്ഥാനത്തും പ്രസിഡന്റിന്റെ കൊട്ടാരവളപ്പിലുമുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു, 34 പേർക്ക് പരിക്കേറ്റു.
തെക്കൻ സിറിയയിലെ ദ്രൂസ് സമൂഹത്തെ ആക്രമിക്കുന്ന സിറിയൻ സേനയെ നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേലിന്റെ സൈനികനടപടി. ബഷാർ അൽ അസദിന്റെ മതനിരപേക്ഷഭരണത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത തീവ്രവാദിനേതാവ് അഹമ്മദ് അൽഷരായുടെ സർക്കാരിന് അമേരിക്കയുടെ പിന്തുണ ഉണ്ടായിരിക്കേയാണ് ആക്രമണം. ഇതോടെ, ഗാസയ്‌ക്കും ഇറാനും പിന്നാലെ പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖംകൂടി ഇസ്രയേൽ തുറന്നു.
കൂടാതെ തെക്കൻ സിറിയൻ നഗരമായ സുവൈദയിൽ സർക്കാർ സേനയും ദ്രൂസ് ന്യൂനപക്ഷവിഭാഗവും ഏറ്റുമുട്ടുന്നതിനിടെയാണ് ഇസ്രയേൽ ഇടപെടൽ. ദ്രൂസ് ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിനാണ് ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ദ്രൂസ് ശക്തികേന്ദ്രമായ സുവൈദയിൽ അസദിന്റെ ഭരണകാലത്ത് ഇസ്രയേലി ഇടപെടലിനെ ജനങ്ങൾ അംഗീകരിച്ചിരുന്നില്ല.
വംശീയ സംഘർഷത്തിൽ 300 മരണം
സിറിയയിൽ വംശീയസംഘർഷം രൂക്ഷമായ തെക്കൻ സ്വീഡ പ്രവിശ്യയിൽ ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലിൽ 300 പേർ കൊല്ലപ്പെട്ടു. ഇതിൽ ദ്രൂസ് ന്യൂനപക്ഷ വിഭാഗത്തിലെ 92 പേർ ഉൾപ്പെടുന്നു. 21 പേരെ സർക്കാർ സേന അടിയന്തര വധശിക്ഷ നടപ്പാക്കി കൊലപ്പെടുത്തിയെന്നും സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. 138 സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥരും 18 സഖ്യകക്ഷികളായ ബദൂയിൻ പോരാളികളും കൊല്ലപ്പെട്ടു. സ്വീഡ നഗരത്തിലെ ബദൂയിൻ സുന്നി ഗോത്രവംശജരും ദ്രൂസ് മതന്യൂനപക്ഷത്തിൽനിന്നുള്ളവരുമാണ് ഏറ്റുമുട്ടുന്നത്.









0 comments