ഏക അർബുദ ആശുപത്രിയും തകർത്ത് ഇസ്രയേല്‍

ഗാസ സിറ്റി : വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ ഗാസയിലെ ഏക അർബുദ ആശുപത്രി പൂർണമായി തകർന്നു. മുനമ്പിന്റെ മധ്യഭാഗത്തുള്ള ടർക്കിഷ് പലസ്തീൻ ഫ്രണ്ട്‌ഷിപ് ആശുപത്രിയിലേക്കാണ് വെള്ളിയാഴ്ച ആക്രമണം ഉണ്ടായത്. ഗാസയുടെ വടക്കൻ, തെക്കൻ മേഖലകളെ ബന്ധിപ്പിക്കുന്ന നെറ്റ്‌സരിം ഇടനാഴിക്ക് സമീപമാണ് ആശുപത്രി.
ഗാസ സിറ്റിയിലെ ഇസ്ലാമിക് സർവകലാശാലയിലേക്കും ആക്രമണമുണ്ടായി. മുനമ്പിൽ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ ഭാഗമായി പ്രവർത്തിച്ച ഒരാൾ കൂടി കൊല്ലപ്പെട്ടു. സംഘടനയിലെ പത്താമത്തെ ഡോക്ടറാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
നാലുദിവസത്തിനിടെ ഗാസയിൽ ഇസ്രയേൽ കൊന്നൊടുക്കിയവരുടെ എണ്ണം 590 ആയി.
ഹമാസിനെ തകർക്കാനെന്ന പേരില്‍ഗാസയെ വാസയോഗ്യമല്ലാതാക്കി പിടിച്ചെടുക്കാനാണ് ഇസ്രയേൽ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. വടക്കൻ ഗാസയിൽ കരയാക്രമണം രൂക്ഷമാക്കിയ ഇസ്രയേൽ, മുനമ്പിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുമെന്ന് ഭീഷണി മുഴക്കി.
ഗാസയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ‘സ്വമേധയാ പലായന’ത്തിന് വഴിയൊരുക്കാനും സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു.
വടക്കൻ ഗാസയിൽനിന്ന് ഇസ്രയേലിലെ അഷ്‌കെലോണിലേക്ക് അയച്ച രണ്ട് റോക്കറ്റുകൾ തടുത്തതായി സൈന്യം അറിയിച്ചു.








0 comments