ഗാസയിൽ പ്രതീക്ഷ ; ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച്‌ ഇസ്രയേൽ

israel agree new US peace plan for Gaza
വെബ് ഡെസ്ക്

Published on Sep 30, 2025, 03:21 AM | 1 min read


വാഷിങ്‌ടൺ

ഗാസയിലെ വംശഹത്യക്ക്‌ അറുതിയാകുമെന്ന പ്രതീക്ഷയെ വർധിപ്പിച്ച്‌ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതി അംഗീകരിച്ച്‌ ഇസ്രയേൽ. തിങ്കളാഴ്‌ച അമേരിക്കയിൽ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ചർച്ചയിലാണ്‌ സമാധാനത്തിന്‌ ധാരണയായത്‌. ഇരുനേതാക്കളും സംയുക്ത പത്രസമ്മേളനത്തിൽ ധാരണ അംഗീകരിച്ചതായി പ്രഖ്യാപിച്ചു.


പത്രസമ്മേളനത്തിന്‌ മുന്നോടിയായി ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള 20 ഇന പദ്ധതി ട്രംപ്‌ പുറത്തുവിട്ടിരുന്നു. എന്നാൽ പദ്ധതി ഹമാസ്‌ അംഗീകരിച്ചാൽ മാത്രമേ പൂർണമായും നടപ്പാകൂ എന്ന്‌ ട്രംപ്‌ പറഞ്ഞു. വെടിനിർത്തൽ ഉണ്ടാകുമെങ്കിലും ഉടനടി ഗാസയിൽ നിന്ന്‌ ഇസ്രയേൽ പിന്മാറില്ല. ബന്ദികളെ മോചിപ്പിക്കാനും ധാരണയായി.


സമാധാന പരിപാലനത്തിനും ഗാസയുടെ പുനഃനിർമാണത്തിനുമായി ട്രംപിന്റെ നേതൃത്വത്തിൽ ഒരു അന്താരാഷ്‌ട്ര മേൽനോട്ട സമിതിയുണ്ടാകും. ഹമാസിനെ പൂർണമായും നിരായുധീകരിക്കാനും ലക്ഷ്യമുണ്ട്‌. ആദ്യപടി "മിതമായ പിൻവാങ്ങൽ" ആയിരിക്കുമെന്നും തുടർന്ന് 72 മണിക്കൂറിനുള്ളിൽ എല്ലാ ബന്ദികളെ മോചിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. അന്താരാഷ്‌ട്ര സമിതി വിജയിച്ചാൽ ശ്വാശ്വതമായി യുദ്ധം അവസാനിപ്പിക്കും. ഹമാസിന്റെ നിരായുധീകരണത്തിന് അനുസൃതമായി ഇസ്രായേൽ പിന്മാറും, പക്ഷേ ഭാവിയിൽ ഒരു സുരക്ഷാ പരിധിക്കുള്ളിൽ തുടരുമെന്നും നെതന്യാഹു പറഞ്ഞു.


തന്റെ സമാധാന പദ്ധതി സ‍ൗദി അടക്കമുള്ള അറബ്‌ രാജ്യങ്ങളുമായും മറ്റ്‌ ലോകരാജ്യങ്ങളുമായും ചർച്ച ചെയ്‌തതായും ട്രംപ്‌ പറഞ്ഞു. അതേസമയം ഹമാസിനെ ഇല്ലാതാക്കാനുള്ള ഇസ്രയേൽ നിക്കത്തിന്‌ ട്രംപ്‌ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഇസ്രയേൽ പദ്ധതി അംഗീകരിച്ചതോടെ മേഖലയിൽ സമാധാനം പുലരുമെന്നും വംശഹത്യ അവസാനിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്‌ ലോകം.


2023 ഒക്‌ടോബർ ഏഴിനുശേഷം കുഞ്ഞുങ്ങളടക്കം 66,000ത്തിലധികം പലസ്‌തീൻകാരെയാണ്‌ ഇസ്രയേൽ കൊന്നൊടുക്കിയത്‌. കൊടിയ പീ-ഢ-നങ്ങൾക്കും നിർബന്ധിത പലായനത്തിനും ഗാസക്കാർ വിധേയരായി. ലേകരാജ്യങ്ങൾക്കിടയിൽ പൂർണ്ണമായും ഒറ്റപ്പെടുകയും അപമാനിതരാവുകയും ചെയ്‌തതതോടെയാണ്‌ സമാധാനത്തിന്‌ ഇസ്രയേൽ നിർബന്ധിതമാവുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home