ബുദ്ധനില്ലെങ്കിലും ബുദ്ധിസം മുന്നോട്ട് പോകുന്നില്ലേ? ഡോജിൽ നിന്നുള്ള പിൻമാറ്റത്തിൽ ബുദ്ധനുമായി ഉപമിച്ച് തടിതപ്പി മസ്ക്

വാഷിങ്ടൺ : ടെസ്‍ലയുടെ വരുമാനം ഇടിഞ്ഞതിനു പിന്നാലെ ട്രംപിന്റെ ഡോജിൽ നിന്ന് പിൻമാറുന്നതിനെ ബുദ്ധനുമായി ഉപമിച്ച് തടിതപ്പാൻ ശ്രമിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. താൻ ഇല്ലെങ്കിലും ഡോണൾഡ് ട്രംപ് രൂപീകരിച്ച കാര്യക്ഷമതാ വകുപ്പിന്റെ പ്രവർത്തനം നന്നായി നടക്കുമെന്ന് മസ്ക് ന്യായീകരിച്ചു. സ്വയം ബുദ്ധനോട് ഉപമിച്ചുകൊണ്ടായിരുന്നു മസ്ക്കിന്റെ തടിതപ്പൽ. ബുദ്ധനില്ലാതെയും ബുദ്ധിസം മുന്നോട്ട് പോകുന്നുണ്ട്. ബുദ്ധൻ പോയതിനു ശേഷവും ബുദ്ധിസം മുന്നോട്ട് പോയില്ലേ?. അതുപോലെ ഞാൻ ഇല്ലെങ്കിലും ഡോജ് മുന്നോട്ട് പോകും- മസ്ക് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കമ്പനിയായ ടെസ്‍ലയുടെ വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) തലവൻ സ്ഥാനം മസ്ക് ഒഴിയുന്നത്. ഈ വർഷമാണ് കമ്പനിയുടെ ലാഭത്തിലും കാറുകളുടെ വിൽപ്പനയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തിയത്. ഇതേത്തുടർന്നാണ് മസ്ക്കിന്റെ പുതിയ തീരുമാനം.
ഡോജിനായും ട്രംപിനായും ചിലവഴിക്കുന്ന സമയം കുറയ്ക്കുകയാണെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഡോജിനായി ചിലവഴിക്കുകയെന്നുമാണ് മസ്ക് പറയുന്നത്. ടെസ്‍ലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് തീരുമാനമെന്നും മസ്ക് പറയുന്നു. മസ്കിന്റെ വിവിധ രാഷ്ട്രീയ നിലപാടുകൾ ലോകവ്യാപകമായി ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. സെലിബ്രിറ്റികളടക്കം പലരും ടെസ്‍ല കാറുകൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. തന്നെയും ഡോജിനെയും തകർക്കാൻ ശ്രമിക്കുന്നവരാണ് ബഹിഷ്കരണത്തിനു പിന്നിലെന്നാണ് മസ്ക് പറഞ്ഞത്. ഇതേത്തുടർന്നാണ് ടെസ്‍ലയുടെ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായത്. മസ്കിനെ കഴിയുന്നിടത്തോളം നിലനിർത്താനാണ് തന്റെ ശ്രമമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
മസ്ക് ഡോജിന്റെ തലവനായതിനു പിന്നാലെ മറ്റ് രാജ്യങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കുന്നതുൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ നടപ്പാക്കിയിരുന്നു. സ്ഥാനമൊഴിഞ്ഞതിനു ശേഷം ആരാണ് തൽസ്ഥാനത്തേക്ക് വരിക എന്ന ചോദ്യത്തിനാണ് മറുപടിയായി ബുദ്ധനുമായുള്ള താരതമ്യം മസ്ക് നടത്തിയത്.









0 comments