ഇറാന്റെ തിരിച്ചടി; ഇരുട്ടിലായി ഇസ്രയേൽ: വൈദ്യുതി ഗ്രിഡിന് തകരാർ

ഇസ്രയേലിലുണ്ടായ ആക്രമണത്തിനിടെ ഒരു വാഹനത്തിന്റെ ഡാഷ്‌കാമിൽ പതിഞ്ഞ ദൃശ്യം
ജറുസലേം/തെഹ്റാൻ: ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ അമേരിക്കയുടെ കൂട്ടുപിടിച്ച് ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിന് നേർക്കുള്ള ഇറാന്റെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ആയിരക്കണക്കിന് ഇസ്രയേലികളെ ഭൂഗർഭ ഷെൽട്ടറുകളിലേക്ക് മാറ്റി. മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ പ്രധാന വൈദ്യുതി ഗ്രിഡിന് കേടുപാടുണ്ടായി.
ഇറാനിൽ നിന്ന് 40 മിനിറ്റിനുള്ളിൽ നാല് തവണയായി ഏഴ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്രയേലിലെ മിക്ക അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമാണെന്നും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം. തെക്കൻ ഇസ്രയേലിലെ വൈദ്യുതി ഗ്രിഡിൽ ശക്തമായ തടസങ്ങൾ നേരിട്ടു.
വൈദ്യുതി ഗ്രിഡിന് സമീപം മിസൈൽ പതിച്ചതിനെ തുടർന്ന് പ്രദേശത്തെ നിരവധി പട്ടണങ്ങളിൽ താൽക്കാലിക വൈദ്യുതി തടസമുണ്ടായതായി ഇസ്രയേൽ ഇലക്ട്രിക് കോർപ്പറേഷൻ അറിയിച്ചു. ഒരു മണിക്കൂറിനുശേഷം വീണ്ടും മിസൈൽ ആക്രമണമുണ്ടായി. വടക്കൻ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങി. മിസൈലുകൾ വിജയകരമായി തടഞ്ഞതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
വടക്കൻ തെഹ്‌റാനിലെ എവിൻ പരിസരത്ത് നടന്ന ആക്രമണത്തിൽ വൈദ്യുതി ലൈൻ തകർന്നിരുന്നു. ഇതോടെ സമീപ പ്രദേശങ്ങളിൽ വൈദ്യുതി തടസമുണ്ടായതായി സർക്കാർ ഉടമസ്ഥതയിലുള്ള തെഹ്‌റാൻ റീജിയണൽ ഇലക്ട്രിസിറ്റി കമ്പനി (TREC) അറിയിച്ചു. ലൈൻ നന്നാക്കിയതായും തലസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചതായും ഏജൻസി റിപ്പോർട്ട് ചെയ്തു.
തെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിൽ ഇസ്രയേൽ സൈന്യം ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി രാഷ്ട്രീയ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിന്റെ ചില ഭാഗങ്ങൾ നശിപ്പിച്ചതായി ഇറാൻ ജുഡീഷ്യറി പറഞ്ഞു. ജയിലിന്റെ ഗേറ്റുകളിലൊന്നിലാണ് സ്ഫോടനം നടന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ആണവ കേന്ദ്രമായ ഫോർദോ വീണ്ടും ആക്രമിക്കപ്പെട്ടിരുന്നു. ഞായറാഴ്ച ഇറാന്റെ ആണവ നിലയങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും ആക്രമണമുണ്ടായത്. ഫോർദോ, നഥാൻസ്, എസ്ഫാൻ എന്നീ ഇറാൻ ആണവ കേന്ദ്രങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.
ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് ശേഷം ഇന്നും ഇസ്രയേലും ഇറാനും കനത്ത വ്യോമാക്രമണം നടത്തി. ജൂൺ 13നാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചത്. ഇറാനിൽ ആക്രമണം നടത്താൻ അമേരിക്ക ഇസ്രയേലുമായി സഹകരിച്ചിട്ടുണ്ടെന്നും ഇസ്രയേൽ നടത്തുന്ന എല്ലാ കുറ്റകൃത്യങ്ങളിലും അമേരിക്ക പങ്കാളിയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പറഞ്ഞു.









0 comments