ഹോർമൂസ് കടലിടുക്ക് അടച്ചേക്കും; ഇറാൻ പാർലമെന്റ് അംഗീകാരം നൽകി

തെഹ്റാൻ: ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായി ഇറാൻ. രാജ്യത്തെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇറാന്റെ നിർണായക നീക്കം. ഹോർമൂസ് അടച്ചുപൂട്ടാൻ ഇറാന്റെ പാർലമെന്റ് അംഗീകാരം നൽകി. ഇക്കാര്യത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം കനക്കുന്നതോടെ തന്ത്രപ്രധാനമായ ഊർജ ഇടനാഴിയാണ് അടച്ചുപൂട്ടുന്നത്. ലോകത്തിലെ ഏറ്റവും നിർണായകമായ കണക്ടിങ് പോയിന്റാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഇതിലൂടെയാണ് കടന്നുപോകുന്നത്. പേർഷ്യൻ മുനമ്പിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന കടലിടുക്കാണിത്.
ഏകദേശം 33 കിലോമീറ്റർ വീതിയുള്ള ഈ ഇടുങ്ങിയ ഇടനാഴി അറേബ്യൻ ഉപദ്വീപിൽ നിന്ന് ഇറാനെ വേർതിരിക്കുന്നു. എന്നാൽ ജലപാതയിലെ കപ്പൽ പാതകൾ അതിലും ഇടുങ്ങിയതാണ്. ഓരോ ദിശയിലും 3 കിലോമീറ്റർ മാത്രമാണ് പാതയ്ക്ക് വീതിയുള്ളത്. അതിനാൽ തന്നെ അവ ആക്രമണങ്ങൾക്കും അടച്ചുപൂട്ടൽ ഭീഷണികൾക്കും ഇരയാകാറുണ്ട്.
സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈത്ത് എന്നീ ശക്തി കേന്ദ്രങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. മുൻകാലങ്ങളിൽ കടലിടുക്കിലൂടെയുള്ള യാത്രാ തടസങ്ങളിൽ ഏറ്റവും അധികം പ്രതിസന്ധി നേരിട്ടിരുന്നത് യുഎസും യൂറോപ്പുമായിരുന്നു. എന്നാൽ ഇന്നത്തെ അടച്ചുപൂട്ടലിന്റെ ആഘാതം ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് ഏഷ്യൻ രാജ്യങ്ങളെയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. ഇന്ത്യയിൽ പ്രതിദിനം 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ ഏകദേശം 2 ദശലക്ഷം ബാരൽ എണ്ണയും കടന്നുപോകുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്.









0 comments