ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ ആക്രമണം; ആറ്‌ മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്‌

വെബ് ഡെസ്ക്

Published on Jun 23, 2025, 10:49 PM | 1 min read| Watch Time : 1m 6s

ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ വ്യോമാക്രമണം. അൽ ഉദൈദിലെ വ്യോമതാവളത്തിൽ ആറ്‌ മിസൈലുകൾ പതിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. തിങ്കളാഴ്ച രാത്രി 7.30ഓടെ(ഖത്തർ സമയം)യാണ്‌ ആക്രമണം. ‘ബശാഇർ അൽ ഫതഹ്’ എന്നാണ്‌ ആക്രമണത്തിന്‌ ഇറാൻ പേരിട്ടിരിക്കുന്നത്‌. ജനവാസ മേഖലയിൽ മിസൈൽ പതിച്ചതായി ഇതുവരെ വിവരങ്ങളൊന്നുമില്ല. ദോഹയില്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി താമസക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈലുകള്‍ അന്തരീക്ഷത്തില്‍ വെച്ച് തടയുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പലരും പങ്കുവെച്ചു. ഖത്തറിന്‍റെ തെക്ക്പടിഞ്ഞാറൻ മേഖലയിലെ മരുഭൂമിയിലാണ് അൽ ഉദൈദ് അമേരിക്കൻ വ്യോമതാവളം.


ഞായറാഴ്ച പുലര്‍ച്ചെ ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് തിരിച്ചടിയായി മേഖലയിലെ അമേരിക്കന്‍ സൈനീക താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാഖിലെയും അമേരിക്കന്‍ വ്യോമതാവളങ്ങളെ ഇറാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് കരുതുന്നതായി യുകെയിലെ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറിലെ ദോഹക്കടുത്തുള്ള അല്‍ ഉദൈദ് എയര്‍ ബേസ് പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ യുഎസ് സൈനിക താവളമാണ്. ബഹ്‌റൈനിലെ ജുഫൈറില്‍ അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നു.



ഖത്തറിലെ ഇന്ത്യക്കാർക്ക്‌ ഇന്ത്യൻ എംബസി മുന്നറിയിപ്പ്‌ നൽകി. സുരക്ഷിത സ്ഥലങ്ങളിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്‌. ഇന്ത്യൻ പൗരരോട്‌ വീടിനുള്ളിൽ തന്നെ തുടരണമെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.


മുന്‍കരുതലിന്റെ ഭാഗമായി ഖത്തര്‍ വ്യോമപാത താല്‍ക്കാലികമായി അടച്ചതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തിങ്കളാഴ്ച അർധരാത്രി വരെയാണ് വ്യോമപാത അടയ്ക്കുന്നതെന്നാണ്‌ വിവരം. എന്നാൽ ഇന്ന് രാത്രി പ്രാദേശിക സമയം 9 മണിയോടെ തുറക്കുമെന്ന്‌ ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭ്യമായ വിവരം ലഭിച്ചതായും പറയുന്നു.











deshabhimani section

Related News

View More
0 comments
Sort by

Home