ലെവോടോബി ലാക്കി-ലാക്കി വീണ്ടും പൊട്ടിത്തെറിച്ചു; ആളപായമില്ല

Lewotobi Laki-laki volcano

photo credit: X

വെബ് ഡെസ്ക്

Published on Mar 21, 2025, 11:05 AM | 1 min read

ജക്കാർത്ത: ഇന്തോനേഷ്യയിൽ കിഴക്കൻ ഫ്ലോറസിലുള്ള ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. വ്യാഴാഴ്‌ച രാത്രിയായിരുന്നു സ്‌ഫോടനം. ഇതേതുടർന്ന്‌ വെള്ളിയാഴ്ച ബാലിയിലേക്കുള്ള ചില വിമാന സർവീസുകൾ ഓസ്‌ട്രേലിയൻ എയർലൈൻ റദ്ദാക്കി. ഉച്ചകഴിഞ്ഞ് വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുരന്ത നിവാരണ ഏജൻസി വക്താവ് പറഞ്ഞു. മാർച്ച് 13 ന് ശേഷം ചെറിയ അഗ്നിപർവത സ്ഫോടനങ്ങൾ പ്രദേശത്ത്‌ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ്‌ വ്യാഴം രാത്രി കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിൽ ഈ വലിയ സ്ഫോടനം ഉണ്ടായത്‌.


രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി അപകടസ്ഥലത്തുനിന്ന്‌ ആളുകളെ ഒഴിപ്പിക്കലിനിടെ ഒരാൾക്ക് പരിക്കേറ്റതായി ദുരന്ത നിവാരണ ഏജൻസി വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ലെവോട്ടോബി ലക്കി-ലാക്കി അഗ്നിപർവതം പൊട്ടിത്തെറിച്ച് സമീപ ഗ്രാമങ്ങളിലേക്ക് ചൂടുള്ള പാറകൾ വീഴുകയും ലാവ ഒഴുകുകയും ചെയ്‌തിരുന്നു. അന്ന്‌ അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.


ഇന്തോനേഷ്യയിൽ ഏകദേശം 130 സജീവ അഗ്നിപർവതങ്ങളുണ്ട്. അവ പസഫിക് "റിംഗ് ഓഫ് ഫയർ" എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ അഗ്നിപർവത സ്ഫോടനങ്ങൾ രാജ്യത്തെ ഇടയ്ക്കിടെ വേട്ടയാടാറുണ്ട്. ബാലിയിൽ നിന്നും 800 കിലോമീറ്റർ അകലെയായാണ് ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം . ഇന്തോനീഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവതം മെരാപിയാണ്. കൃത്യമായ ഇടവേളകളിൽ വിസ്ഫോടനം നടത്തുന്ന പർവതമാണ് ഇത്.


ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്തോനേഷ്യ. ഓരോ വർഷവും 1500ത്തിലധികം പ്രകൃതിദുരന്തങ്ങളാണ്‌ ഇവിടെ ഉണ്ടാകുന്നതെന്നാണ്‌ കണക്ക്‌.





deshabhimani section

Related News

View More
0 comments
Sort by

Home