"ചിക്കൻ നെക്ക്" വിവാദത്തിൽ ജാഗ്രതയോടെ ഇന്ത്യ


എൻ എ ബക്കർ
Published on May 27, 2025, 05:26 PM | 3 min read
"കോഴി കഴുത്ത്" അഥവാ ചിക്കൻ നെക്ക് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ സിലിഗുരി ഇടനാഴി വീണ്ടും തന്ത്രപ്രധാന ശ്രദ്ധാകേന്ദ്രമായി. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനസ് വിദേശ സന്ദർശന വേളയിൽ നടത്തിയ ഒരു വാക്യമാണ് ഈ പ്രദേശത്തെ പെട്ടെന്ന് ലോക ശ്രദ്ധയിലേക്ക് എടുത്തിട്ടിരിക്കുന്നത്.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ "കരയാൽ ചുറ്റപ്പെട്ട" (landlocked) എന്ന് യൂനുസ് വിശേഷിപ്പിച്ചു. കരയാൽ ചുറ്റപെട്ടത് എന്ന വാക്യം വഴി ഇതുവഴിയുള്ള ഗതാഗതത്തെയും ഇന്ത്യയുടെ യുദ്ധതന്ത്ര പ്രധാനമായ നിലനിൽപിലെ ആശ്രിതത്വത്തെയും ഉയർത്തി കാണിക്കാനായിരുന്നു ശ്രമം.
പശ്ചിമ ബംഗാൾ സംസ്ഥാനത്തിലൂടെ മുന്നേറുന്ന ഒരു ഇടുങ്ങിയ ഭൂപ്രദേശമാണ് സിലിഗുരി ഇടനാഴി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ എന്നിവയുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ വീതിയുള്ള ഒരു കരപ്പാലം പോലുള്ള പ്രദേശമാണിത്.
വടക്ക് നേപ്പാളിനും തെക്ക് ബംഗ്ലാദേശിനും ഇടയിലൂടെയാണ് ഈ ഭൂഭാഗം സെവൻ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ പശ്ചിമബംഗാളുമായി ബന്ധിപ്പിക്കുന്നത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയുടെ ഒരു ഭാഗവും ചേർന്ന് വരുന്നു.

നേർത്തത്, എങ്കിലും പരമപ്രധാന മേഖല
ഈ ഇടനാഴിയിലെ ഏതൊരു തടസ്സവും അത് സൈനിക സംഘർഷം, പ്രകൃതി ദുരന്തം, അല്ലെങ്കിൽ ആഭ്യന്തര അസ്വസ്ഥത എന്നിവയായാലും -ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർപെടുത്താവുന്നതാണ്.
ഇവിടെയാണ് "കരയാൽ ചുറ്റപ്പെട്ട" എന്ന വാക്യത്തിലെ പ്രകോപനം. ഇന്ത്യ പാക് അസ്വസ്ഥത കത്തിനിൽക്കുന്ന ഘട്ടത്തിലാണ് ഇതെന്നതും പ്രധാനമായി.
നയതന്ത്ര പ്രധാനമായ ഈ വാക്യം പുറത്ത് വന്നതോടെ ഇന്ത്യ അതിർത്തിയിലെ ചെക് പോസ്റ്റുകൾ വഴി ചില ബംഗ്ലാദേശി കയറ്റുമതികൾക്ക് ഉടനടി നിയന്ത്രണം ഏർപ്പെടുത്തി പ്രതികരിച്ചു. ബംഗ്ലാദേശിനെ മറികടക്കുന്ന ബദൽ കണക്റ്റിവിറ്റി പദ്ധതികൾ സജീവമാക്കുന്ന ചർച്ചകളും ഊർജിതമായി. കൊൽക്കത്തയെ മ്യാൻമർ വഴി മിസോറാമുമായി ബന്ധിപ്പിക്കുന്ന കലാദൻ മൾട്ടി-മോഡൽ ട്രാൻസിറ്റ് പ്രോജക്റ്റ് ഇതിൽ പ്രധാനമാണ്. ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേ പദ്ധതി ഇഴയുന്ന സാഹചര്യമായിരുന്നു.
1971ല്‍ ഇന്ത്യാ- പാക് യുദ്ധത്തില്‍ ഉപയോഗിച്ച ത്രിപുരയിലെ കൈലാഷ്ഹര്‍ വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നതതല സംഘം സ്ഥലം പരിശോധിച്ചിരുന്നു. പാകിസ്താന്റെ അതിക്രമങ്ങളെ എതിര്‍ത്ത് സ്വാതന്ത്ര്യത്തിനായി പൊരുതിയ ബംഗ്ലാദേശിലെ മുക്തിബാഹിനി എന്ന സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് സഹായങ്ങളെത്തിച്ചിരുന്ന വിമാനത്താവളമാണിത്.
ബംഗ്ലാദേശിന്റെ നീക്കങ്ങൾ, കണക്കു കൂട്ടലുകൾ
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തുപോയതിനുശേഷം ഇന്ത്യയുടെ ആശങ്കകൾ രൂക്ഷമാണ്. തീസ്ത നദീതട പദ്ധതിയുടെ സഹകരണത്തിൽ നിന്ന് ഇന്ത്യയെ മാറ്റി. 1931 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതും രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ചതുമായ ലാൽമോനിർഹത് വ്യോമതാവളം പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി തുടങ്ങി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനുശേഷം ഏറെക്കുറെ പ്രവർത്തനരഹിതമായി കിടന്നിരുന്ന അവരുടെ ഇന്ത്യൻ അതിർത്തിയിലെ വ്യോമ താവളമാണ്.
ബംഗ്ലാദേശ് ആർമിയിൽ നിന്നും വിരമിച്ച മേജർ ജനറലും ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവുമായ എ എൽ എം ഫസ്ലുർ റഹ്മാൻ ഇന്ത്യ പാക് സംഘർഷത്തിനിടെ എഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി. “ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുന്നത് തുടരന്നതിനിയിൽ ബംഗ്ലാദേശ് വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ കൈവശപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നതായിരുന്നു പോസ്റ്റ്. ബംഗ്ലായിൽ എഴുതിയ പോസ്റ്റ് പിന്നീട് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി.
ചിക്കൻ നെക്ക് പ്രദേശം നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള ഒരു ഗതാഗത കേന്ദ്രം കൂടിയാണ്. ദേശീയ സംയോജനത്തിന് മാത്രമല്ല പ്രാദേശിക നയതന്ത്രത്തിലും ഒരു പ്രധാന കേന്ദ്രമാണിത്. സിലിഗുരി പട്ടണം റോഡ്, റെയിൽ, വ്യോമ ഗതാഗതം എന്നിവ കൂട്ടി യോജിപ്പിക്കുന്ന ഒരു നിർണായക ഗതാഗത കേന്ദ്രമാണ്. വ്യാപാരം, വ്യവസായം, വിനോദ സഞ്ചാരം, കുടിയേറ്റം, മുതൽ മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് വരെയുള്ള നിയമപരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ ഒരു മുഖ്യ ചങ്ങലാ കേന്ദ്രമാണ്.

സുരക്ഷയ്ക്ക് മുകളിൽ തറച്ച കഠാര
ഇന്ത്യ, ഭൂട്ടാൻ, ചൈന എന്നിവ കൂടിച്ചേരുന്ന ചുമ്പി താഴ്‌വര ട്രൈ-ജങ്ഷൻ ഇതിന് അകലെയല്ല. സിലിഗുരിയും ചുംബി താഴ്‌വരയും ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലുള്ള ഒരു വ്യാപാര പാതയുടെ ഭാഗമായിരുന്നു. 100 കിലോമീറ്റർ നീളമുള്ള കഠാരയുടെ ആകൃതിയിലുള്ള വടക്ക്-തെക്ക് പ്രധാന കേന്ദ്രമാണ് ചുമ്പി താഴ്‌വര. കഠാര പോയിന്റിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്ക് ബംഗ്ലാദേശാണ്. അതിനിടയിൽ ഇന്ത്യ ഭൂട്ടാൻ എന്നിവയുടെ 70 കിലോമീറ്റർ പരുക്കൻ പർവതപ്രദേശങ്ങളുടെ തുടർച്ച. ഇതിന് ചേർന്ന് സിലിഗുരി ഇടനാഴിയും സ്ഥിതിചെയ്യുന്നു, ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 30 കിലോമീറ്റർ മാത്രമാണ് ഇതിന്റെ വീതിയും.
ഇതിനിടെ നയതന്ത്രം മറന്ന് പ്രകോപനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബുധനാഴ്ച രംഗത്ത് എത്തിയിരുന്നു. "അവർക്ക് രണ്ട് 'ചിക്കൻ കഴുത്തുകൾ' ഉണ്ട്. ഇന്ത്യയ്ക്ക് ഒന്ന് മാത്രമാണ്. അവർ നമ്മളെ ആക്രമിച്ചാൽ, നമ്മൾ അവരുടെ രണ്ട് കോഴി കഴുത്തുകളെയും ആക്രമിക്കും," എന്നായിരുന്നു പ്രയോഗം.
'ബംഗ്ലാദേശിന്റെ ദക്ഷിണ ദിനാജ്പുരിനും തെക്കുപടിഞ്ഞാറന്‍ ഗാരോ കുന്നുകള്‍ക്കും ഇടയിലുള്ള 80 കിലോമീറ്റര്‍ നീളമുള്ള വടക്കന്‍ ബംഗ്ലാദേശ് ഇടനാഴിയെയാണ് ഒരു ചിക്കൻ നെക്ക് ആയി പറഞ്ഞത്. രംഗ്പുര്‍ ഡിവിഷനെ ബംഗ്ലാദേശിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഗമാണിത്.

ദക്ഷിണ ത്രിപുര മുതല്‍ ബംഗാള്‍ ഉള്‍ക്കടൽ വരെയുള്ള 28 കിലോമീറ്റര്‍ നീളമുള്ള ചിറ്റഗോങ് ഇടനാഴിയാണ് രണ്ടാമത് ചിക്കൻ നെക്കായി വിശേഷിപ്പിച്ചത്. ബംഗ്ലാദേശിന്റെ സാമ്പത്തിക തലസ്ഥാനത്തെയും രാഷ്ട്രീയ തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ഭൂഭാഗമാണിത്. വടക്കു കിഴക്കിലെ ഏറ്റവും വലിയ സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെയാണ് ആക്രമണം ആഹ്വാനം ചെയ്തത്.
വടക്കു കിഴക്കിൽ വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾ, ബീജിങ്ങിലേയ്‌ക്കുള്ള ധാക്കയുടെ വർദ്ധിച്ചുവരുന്ന ചായ്‌വും ഇന്ത്യയുടെ യുദ്ധതന്ത്രങ്ങളിൽ സന്ദിഗ്ദ്ധത ഉയർത്തുന്നുണ്ട്. ഇതോടൊപ്പം സിലിഗുരി ഇടനാഴിയുടെ തന്ത്രപരമായ പ്രാധാന്യം വീണ്ടും ഇന്ത്യൻ നയരൂപീകരണത്തിന്റെ പ്രധാന അജണ്ടയിൽ എത്തി. ഈ ഇടുങ്ങിയ ഭൂപ്രദേശത്ത് സംഭവിക്കുന്നത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായും അയൽക്കാരുമായും ഉള്ള ഇടപെടലിന്റെ ഭാവിയെ സ്വാധീനിക്കുന്നത് തുടരും. പഹൽഗാമിന് ശേഷം പാകിസ്ഥാനുമായുള്ള പോരാട്ടം തുടരുന്നതിനിടയിലാണ് ഇവയെല്ലാം എന്നതും നിർണ്ണായകമാണ്.









0 comments