വിമാനത്തിൽ യാത്രക്കാർക്ക് നേരെ ഫോർക്ക് ഉപയോഗിച്ച് ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ന്യൂയോർക്ക്: യു.എസ്സിൽ നിന്ന് ജർമ്മനിയിലേക്ക് പോയ ലുഫ്താൻസ വിമാനത്തിലെ യാത്രക്കാരെ ഫോർക്ക് ഉപയോഗിച്ച് ആക്രമിച്ച ഇന്ത്യൻ യുവാവ് അറസ്റ്റിൽ. രണ്ട് കൗമാരക്കാരെ മെറ്റൽ ഫോർക്ക് ഉപയോഗിച്ച് കുത്തുകയും മറ്റ് യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രണീത് കുമാർ ഉസിരിപള്ളി (28) എന്ന ഇന്ത്യൻ പൗരനാണ് അറസ്റ്റിലായത്.
സംഭവത്തെ തുടർന്ന് വിമാനം അടിയന്തിരമായി ബോസ്റ്റണിൽ ഇറക്കി. ശനിയാഴ്ച ചിക്കാഗോയിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോവുകയായിരുന്ന ലുഫ്താൻസ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിലെ ഭക്ഷണ വിതരണത്തിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഉറങ്ങിക്കിടക്കുകയായിരുന്ന 17 വയസ്സുള്ള ഒരു കൗമാരക്കാരന്റെ അടുത്ത് വന്ന ഇയാൾ ഫോർക്ക് ഉപയോഗിച്ച് തോളിൽ കുത്തുകയായിരുന്നു. അടുത്തിരുന്ന മറ്റൊരു 17-കാരന്റെ തലയ്ക്ക് പിന്നിൽ ഫോർക്ക് കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് ഒരു വനിതാ യാത്രക്കാരിയെ അടിക്കുകയും ഒരു വിമാന ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
വിമാനം താഴെയിറക്കിയ ശേഷം ഇയാളെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തു. വിമാനത്തിൽ അപകടകരമായ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവും 2,50,000 ഡോളർ വരെ പിഴയും ലഭിക്കും.
ബൈബിൾ പഠനത്തിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നിരുന്ന ഇയാൾ സ്റ്റുഡന്റ് വിസയിലാണ് നേരത്തെ യു.എസ്സിൽ കഴിഞ്ഞിരുന്നത്. ഇയാളെ ഉടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും എന്ന് അധികൃതർ അറിയിച്ചു.









0 comments