തായ്‌ലൻഡ്- കംബോഡിയ അതിർത്തി സംഘർഷം: ജാഗ്രത നിർദേശം നൽകി ഇന്ത്യൻ എംബസി

തായ്പേയ്: തെക്ക് കിഴക്കൻ ഏഷ്യൻ അതിർത്തി രാജ്യങ്ങളായ കംബോഡിയയും തായ്‌ലൻഡും തമ്മിൽ സൈനിക സംഘർഷം നടക്കുന്ന പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കംബോഡിയയിലെ ഇന്ത്യൻ എംബസി ശനിയാഴ്ച ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് +855 92881676 എന്ന നമ്പറിൽ നോം പെനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാമെന്നും [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു. തായ്‌ലൻഡിലെ ഏഴ് പ്രവിശ്യകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ വെള്ളിയാഴ്ച തായ്‌ലൻഡിലെ ഇന്ത്യൻ എംബസിയും മുന്നറിയിപ്പ് നൽകിയിരുന്നു. തായ്‌ലൻഡ് ടൂറിസം അതോറിറ്റിയുടെ ഔദ്യോഗിക ഓൺലൈൻ ന്യൂസ് റൂമായ ടാറ്റ് ന്യൂസ് റൂം പോലുള്ള ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള അപ്‌ഡേറ്റുകൾ ശ്രദ്ധിക്കണമെന്നും എംബസികൾ പൗരൻമാരോട് അഭ്യർത്ഥിച്ചു. ഇന്ത്യക്കാരായ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന രാജ്യങ്ങളാണ് തായ്ലൻഡും കംബോഡിയയും.
തായ്‌ലൻഡ്- കംബോഡിയ അതിർത്തിയിൽ സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 തായ് പൗരന്മാർ അടക്കം 14 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ചെറിയ ആയുധങ്ങൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ചാണ് വ്യോമാക്രമണം നടന്നത്. ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി തായ് അധികൃതർ അറിയിച്ചു.
എഫ്-16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ തായ്‌ലൻഡും ആക്രമണം നടത്തി. കംബോഡിയയിൽ ആൾനാശം സ്ഥിരീകരിച്ചിട്ടില്ല. സംഘർഷം രൂക്ഷമായതോടെ തായ്‌ലൻഡ് കംബോഡിയയിലേക്കുള്ള അതിർത്തിപാതകൾ അടച്ചു. ഇരുരാജ്യങ്ങളും അംബാസഡർമാരെ തിരിച്ചുവിളിച്ചു. അതിർത്തി പ്രദേശങ്ങളിൽനിന്ന് തായ്‌ലൻഡ് ജനങ്ങളെ ഒഴിപ്പിച്ചു. സഞ്ചാരികള്‍ ജാഗ്രത പുലർത്തണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യക്കാരായ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന രാജ്യങ്ങളാണിവ.
ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം. 817 കിലോമീറ്റർ കര അതിർത്തി ഇരുരാജ്യങ്ങളും പങ്കിടുന്നുണ്ട്. കംബോഡിയയും തായ്‌ലൻഡും ലാവോസും കൂടിച്ചേരുന്ന എമറാൾഡ് ട്രയാംഗിൾ എന്ന പോയിന്റിനു സമീപമുണ്ടായ വെടിവയ്‌പ്പിൽ കഴിഞ്ഞ മേയിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ചില തായ് ഉൽപന്നങ്ങൾക്ക് കംബോഡിയ വിലക്കേർപ്പെടുത്തി. കംബോഡിയൻ സ്ഥാനപതിയെ തായ്‌ലൻഡ് പുറത്താക്കി. ശേഷം ചില അതിർത്തികളിൽ സൈനികർ തമ്മിൽ വെടിവയ്‌പ്പും ഉണ്ടായി. തർക്കമേഖലയിലെ കുഴിബോംബ് സ്‌ഫോടനത്തിൽ തായ്‌ലൻഡ‍് സൈനികർ കൊല്ലപ്പെട്ടിരുന്നു. തായ്‌ലൻഡ് സൈന്യത്തിന്റെ ആക്രമണം പ്രതിരോധിക്കുകയാണ് തങ്ങൾ ചെയ്‌തതെന്ന് കംബോഡിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ കംബോഡിയയാണ് ആദ്യം ആക്രമിച്ചതെന്ന് തായ്‌ലൻഡ് സൈന്യം ആരോപിച്ചു.









0 comments