ആക്രമണം കടുക്കുന്നു; ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം

PHOTO CREDIT: X
ടെൽ അവീവ്: ഇസ്രയേൽ - ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യക്കാരും എംബസിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ അവിടെ നിന്ന് ഒഴിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരെ കര അതിർത്തികളിലൂടെ സുരക്ഷിത സ്ഥലത്തേക്കും തുടർന്ന് വിമാനമാർഗം ഇന്ത്യയിലേക്കും എത്തിക്കും. ടെൽ വീവിലെ ഇന്ത്യൻ എംബസി നടപടികൾ ഏകോപിപ്പിക്കും.
ഇസ്രയേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലി അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി ആവർത്തിച്ചു. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനായി എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.
ഇസ്രയേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ (https://www.indembassyisrael.gov.in/indian_national_reg) രജിസ്റ്റർ ചെയ്യണം. സംശയങ്ങൾക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ സ്ഥാപിച്ചിട്ടുള്ള 24/7 കൺട്രോൾ റൂമുമായി ബന്ധപ്പെടാം: ടെലിഫോൺ നമ്പറുകൾ: +972 54-7520711; +972 54-3278392; ഇ-മെയിൽ: [email protected].
അതേസമയം, ഇറാനിൽ നിന്ന് അർമേനിയയിലേക്ക് മാറ്റിയ 100ലധികം വിദ്യാർഥികളെയുമായി ആദ്യ വിമാനം വ്യാഴാഴ്ച പുലർച്ചെയാണ് ഡൽഹിയിൽ എത്തിയത്. വിദ്യാർഥികളെ അർമേനിയയിലേക്കാണ് ആദ്യം മാറ്റിയത്. തുടർന്ന് അവിടെ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. 110 പേരെയാണ് രാജ്യത്തെത്തിച്ചത്. ദൗത്യത്തിന് ' ഓപ്പറേഷൻ സിന്ധു ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ ഈ ദൗത്യം ഇസ്രയേലിലേക്കും വ്യാപിപ്പിച്ചു.









0 comments