ക്രിയാത്മക പാതയിൽ ബന്ധം മെച്ചപ്പെടുത്താം ; ചൈനയോട്‌ ഇന്ത്യ

india china relations
വെബ് ഡെസ്ക്

Published on Jul 15, 2025, 04:00 AM | 1 min read


ബീജിങ്‌

അതിർത്തിപ്രശ്നങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിൽ പുരോഗതി കൈവരിക്കണമെന്ന്‌ വിദേശമന്ത്രി എസ് ജയ്ശങ്കർ ചൈനീസ് വിദേശമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു. നിർണായക ധാതുക്കളുടെ കയറ്റുമതിയിലും വളങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വ്യാപാരനിയന്ത്രണവും തടസ്സങ്ങളും ഒഴിവാക്കേണ്ടതുണ്ട്‌. ഭിന്നതകൾ തർക്കങ്ങളായി മാറരുതെന്നും മത്സരം സംഘർഷമായി മാറരുതെന്നുമുള്ള അടിസ്ഥാന തത്വത്തിലൂന്നി ഇരു രാജ്യവും തമ്മിലുള്ള ബന്ധം ക്രിയാത്മക പാതയിൽ കൂടുതൽ മെച്ചപ്പെടുത്താമെന്നും ജയ്ശങ്കർ പറഞ്ഞു. ഇന്ത്യ–--ചൈന ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിന് പരസ്പര വിശ്വാസത്തിന്റെ ആവശ്യകതയും വിദേശമന്ത്രി അടിവരയിട്ടു. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായും ജയ്ശങ്കർ ചർച്ച നടത്തി.


ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) കോൺക്ലേവിൽ പങ്കെടുക്കാൻ രണ്ടുദിവസത്തെ സന്ദർശനത്തിനായാണ്‌ ജയ്ശങ്കർ ചൈനയിൽ എത്തിയത്‌. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഉഭയകക്ഷി ബന്ധം മോശമായതിനുശേഷം ചൈനയിലേക്ക്‌ ഇന്ത്യൻ വിദേശമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. എസ്‌സി‌ഒ പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്‌നാഥ് സിങ്‌ ചൈന സന്ദർശിച്ച് മൂന്നാഴ്‍ച്ചയ്ക്കുള്ളിലാണ്‌ ജയ്ശങ്കറും എത്തിയത്‌.


എസ്‌സി‌ഒ വിദേശമന്ത്രിതല യോഗത്തിൽ ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുകയാണ് തങ്ങളുടെ പ്രാഥമിക ദൗത്യമെന്നും ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നിലപാട് ഉയർത്തിപ്പിടിക്കണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ഇന്ത്യ-–-ചൈന ബന്ധം പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന നിലപാട് ജയ്ശങ്കർ ആവർത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home