പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ

INDIA PAK

PHOTO CREDIT: X

വെബ് ഡെസ്ക്

Published on May 03, 2025, 12:39 PM | 2 min read

ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നും നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ. പാകിസ്ഥാനിൽ ഉത്പാദിപ്പിക്കുന്നതോ മറ്റ് രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് നടക്കുന്ന എല്ലാ ചരക്കു നീക്കത്തിനും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തുന്നതായി വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറത്തുവിട്ടു. 2023ലെ വിദേശ വ്യാപാര നയത്തിൽ ഇത് സംബന്ധിച്ച വ്യവസ്ഥകൾ കൂട്ടിച്ചേർത്തു. ഇന്ത്യ പാകിസ്ഥാനിൽ നിന്ന് 420,000 ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയിരുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിലുള്ള കണക്കാണിത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരം സമീപ വർഷങ്ങളിൽ കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വ്യാപാരം 2.86 മില്യൺ ഡോളറായിരുന്നു.


ORDERദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറഞ്ഞു. നിരോധനത്തിൽ നിന്നും എന്തെങ്കിലും ഒഴിവാക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ നിര്‍ണായക നീക്കം. ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ് .


ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരനിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന് നിർണായക പങ്കുണ്ടെന്നാണ് എൻ‌ഐ‌എയുടെ പ്രാഥമിക റിപ്പോർട്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസും (ഐ‌എസ്‌ഐ) ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയും(എൽ‌ഇ‌ടി) തമ്മിൽ ബന്ധമുള്ളതായാണ് കണ്ടെത്തൽ. വിനോദസഞ്ചാരികളടക്കം 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഐ‌എസ്‌ഐ പ്രവർത്തകരുടെ നിർദേശപ്രകാരം എൽ‌ഇ‌ടി ഗൂഢാലോചന നടത്തിയതായാണ് എൻഐഎ റിപ്പോർട്ട്.


അതേസമയം, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിനും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അതാഉല്ല തരാറിന്റെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. നിരവധി പാകിസ്ഥാൻ മന്ത്രിമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നേരത്തെ തടഞ്ഞിരുന്നു. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഷഹ്ബാസ് ഷെരീഫിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഭ്യർഥനയെ തുടർന്ന്, പ്രശസ്ത പാകിസ്ഥാൻ നടന്മാരായ മഹിര ഖാൻ, ഹനിയ ആമിർ, സനം സയീദ്, അലി സഫർ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു.


പാകിസ്ഥാൻ വാർത്താ ചാനലുകലുടെ വെബ്സൈറ്റുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡോൺ ന്യൂസ്, ജിയോ ടിവി, എആർവൈ സൈറ്റുകൾ എന്നീ സൈറ്റുകൾക്കാണ് വിലക്ക്. യുപിയലെ ​ഗം​ഗാ എക്സ്പ്രസ് വേയിൽ ആദ്യമായി ഇന്ത്യ യുദ്ധവിമാനം ഇറക്കി. ഷാജഹാനപൂരിലാണ് യുദ്ദവിമാനങ്ങൾ ഇറങ്ങിയത്. റഫാൽ, സുഖോയ്, മിറാഷ് വിമാനങ്ങൾ എക്സ്പ്രസ് വേയിൽ ലാൻഡ് ചെയ്തു. സൈനിക ഹെലികോപ്റ്ററുകളും പരീക്ഷണത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home