മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 14 വർഷം തടവ്

ഇമ്രാൻ ഖാൻ. ഫോട്ടോ: ഫെയ്സ്ബുക്ക്
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 14 വർഷത്തെ ജയിൽ ശിക്ഷയ്‌ക്ക് വിധിച്ച് കോടതി. പാകിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതിയാണ് മുൻ പ്രധാനമന്ത്രിക്കെതിരെ ശിക്ഷ വിധിച്ചത്. അൽ-ഖാദിറുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിലാണ് ഇമ്രാൻ ഖാനെ ശിക്ഷയ്‌ക്ക് വിധിച്ചെന്നതാണ് റിപ്പോർട്ട്.
ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീവിയേയും കോടതി കുറ്റക്കാരിയായെന്ന് കണ്ടെത്തി. ബുഷ്‌റ ബീവിക്ക് ഏഴുവര്‍ഷവുമാണ് ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതി ശിക്ഷവിധിച്ചത്.
ഇമ്രാൻ ഖാൻ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേട് കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. നിലവിൽ തോഷഖാനയുൾപ്പെടെയുള്ള 200ലധികം കേസുകളിൽ ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. ‘പ്രോസിക്യൂഷൻ കേസ് തെളിയിക്കുകയും ഇമ്രാൻ ഖാൻ കുറ്റക്കാരണെന്ന് തെളിയുകയും’ ചെയ്തതോടെ 14 വർഷത്തെ ജയിൽ വാസത്തിന് വിധിക്കുകയായിരുന്നുവെന്ന് ജഡ്‌ജ് നാസിർ ജാവേദ് പറഞ്ഞു.
നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) 2023 ഡിസംബറിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ആറ് മക്കൾക്കുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇമ്രാൻ ഖാനും ബുഷ്റാ ബീവിയും സ്ഥാപിച്ച അൽ-ഖാദിർ ട്രസ്റ്റിന്റെ ഭാഗമായ സർവകലാശാല സ്ഥാപിച്ചതില്‍ 19 കോടി പൗണ്ട് ദേശീയ ട്രഷറിയിൽ നിന്ന് നഷ്‌ടപ്പെടാൻ ഇവർ കാരണമായി എന്ന് ആരോപിച്ചായിരുന്നു കേസ്.









0 comments