മാസങ്ങൾക്കകം ഇറാന് യുറേനിയം സമ്പുഷ്‌ടീകരിക്കാനാകുമെന്ന് ഐഎഇഎ

വിയന്ന
: അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണം അതിജീവിച്ച ഇറാന് മാസങ്ങൾക്കകം യുറേനിയം സമ്പുഷ്‌ടീകരണം പുനരാരംഭിക്കാൻ കഴിയുമെന്ന് അന്താരാഷ്‌ട്ര ആണവോർജ ഏജൻസി. ആണവായുധ ഗ്രേഡിന് തൊട്ടുതാഴെ 60 ശതമാനംവരെ സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം ഇറാനിലുള്ളത് ആശങ്കാജനകമാണെന്നും ഐഎഇഎ തലവൻ റാഫേൽ ഗ്രോസി പറഞ്ഞു.
ആക്രമണം ഇറാന്റെ ആണവ അഭിലാഷങ്ങളെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ, പ്രധാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും ചിലത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഐഎഇഎ ഡയറക്‌ടർ ജനറൽ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
മാസങ്ങൾക്കുള്ളിൽ യുറേനിയം സമ്പുഷ്‌ടീകരണം പുനരാരംഭിക്കാനാകും. 60 ശതമാനം സമ്പുഷ്‌ടീകരിച്ച യുറേനിയം കൂടുതൽ പരിഷ്‌കരിച്ചാൽ ഒമ്പതിലധികം ആണവബോംബുകൾ ഉത്‌പാദിപ്പിക്കാനാകും ആക്രമണത്തിനു മുമ്പ് യുറേനിയം ശേഖരം മാറ്റിയതാണോ എന്ന് ഐഎഇഎയ്‌ക്ക് അറിയില്ലെന്ന് അദ്ദേഹം സമ്മതിച്ചു.
ഏകപക്ഷീയമായി പെരുമാറിയ ഐഎഇഎയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ബിൽ ഇറാൻ പാർലമെന്റ് പാസാക്കിയിരുന്നു.
ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുന്നതിനാണ് ആക്രമണമെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടിരുന്നു.









0 comments