ബാഗ്‌ദാദ് എംബസി പൂട്ടാനൊരുങ്ങി യുഎസ്
ഇറാനെതിരെ ഐഎഇഎ ; വീണ്ടും സംഘർഷഭീതി

വിയന്ന/തെഹ്‌റാൻ
ഇറാനെതിരെ അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയുടെ റിപ്പോർട്ട് പശ്‌ചിമേഷ്യയെ വീണ്ടും സംഘർഷഭീതിയിലാക്കി. ആണവ നിർവ്യാപന ബാധ്യതകൾ നിറവേറ്റുന്നതിൽ 20 വർഷത്തിനിടെ ആദ്യമായി ഇറാൻ പരാജയപ്പെട്ടെന്നാണ് ഐഎഇഎ പ്രമേയം. ഇറാനുമേൽ യുഎൻ ഇടപെടലിനും അന്താരാഷ്‌ട്ര ഉപരോധങ്ങൾ ശക്തിപ്പെടുത്താനും വഴിയൊരുക്കുന്ന ‘രാഷ്ട്രീയ പ്രമേയ’ത്തോട് പ്രതികരിക്കുകയല്ലാതെ മാർഗമില്ലെന്ന് ഇറാൻ വിദേശമന്ത്രാലയവും ആണവോർജ സംഘടനയും സംയുക്ത പ്രസ്താവനയിൽ തിരിച്ചടിച്ചു.
സുരക്ഷിതമായ സ്ഥലത്ത് പുതിയ ആണവസമ്പുഷ്ടീകരണകേന്ദ്രം സ്ഥാപിക്കുമെന്നും മറ്റ് നടപടികളും ആസൂത്രണം ചെയ്യുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
പുതിയ ആണവ കരാറിനെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളെ ഐഎഇഎ റിപ്പോർട്ടും തുടർനടപടികളും സങ്കീർണമാക്കും. ചർച്ച പരാജയപ്പെട്ടാൽ ഇറാനിയൻ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലോ അമേരിക്കയോ വ്യോമാക്രമണം നടത്തുമെന്ന് ട്രംപ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
അന്താരാഷ്ട്ര ആണവോർജ ഏജൻസി ഗവേണിങ് ബോർഡിൽ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളാണ് ഇറാനെതിരായ പ്രമേയം മുന്നോട്ടുവച്ചത്. 19 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്‌തു. റഷ്യ, ചൈന, ബുർക്കിന ഫാസോ പ്രതിനിധികൾ എതിർത്തു. 11 പേർ വിട്ടുനിന്നു. രണ്ടുപേർ വോട്ട് ചെയ്‌തില്ല. ഇറാനിൽനിന്നുള്ള സഹകരണത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിയും, ദീർഘകാലമായി അന്വേഷണത്തിലിരിക്കുന്ന മേഖലകളിലെ രഹസ്യ പ്രവർത്തനങ്ങളെയും ആണവ വസ്‌തുക്കളെയും കുറിച്ചുള്ള ആശങ്ക ഉന്നയിച്ച് കഴിഞ്ഞയാഴ്‌ച ഐഎഇഎ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇറാനെതിരായ പ്രമേയത്തെ പിന്തുണയ്‌ക്കുന്നത് തെറ്റാണെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചി ഇതേതുടർന്ന് യൂറോപ്യൻ ശക്തികൾക്ക് മുന്നറിയിപ്പ് നൽകുകയുംചെയ്‌തു.
തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ പൂർണമായും സമാധാനപരമാണെന്നും ആണവായുധം വികസിപ്പിക്കാൻ ശ്രമിക്കില്ലെന്നും ഇറാൻ വാദിക്കുന്നു. ആറ് ലോകരാജ്യങ്ങളുമായുള്ള 2015-ലെ കരാറിന് കീഴിൽ, ആണവപ്രവർത്തനം പരിമിതപ്പെടുത്താനും ഉപരോധങ്ങളിൽ ഇളവ് ലഭിക്കുന്നതിനു പകരമായി ഐഎഇഎയ്ക്ക് രാജ്യത്ത് കൂടുതൽ പ്രവേശനം നൽകാനും ഇറാൻ സമ്മതിച്ചിരുന്നു. 2018-ൽ അമേരിക്കൻ പ്രസിഡന്റായ ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി കരാർ ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ പ്രതിഷേധിച്ച് ഇറാൻ നിലവിലുള്ള ആണവ കരാറിലെ വ്യസ്ഥകൾ ലംഘിച്ചു. ഇറാൻ 60 ശതമാനം സമ്പുഷ്ടമാക്കിയ 408 കിലോഗ്രാം യുറേനിയം സംഭരിച്ചിട്ടുണ്ടെന്നാണ് പുതിയ ഐഎഇഎ റിപ്പോർട്ട് പറയുന്നത്.
ബാഗ്‌ദാദ് എംബസി പൂട്ടാനൊരുങ്ങി യുഎസ്
പശ്‌ചിമേഷ്യയിൽ സംഘർഷഭീതി പടരവേ സ്വന്തം പൗരർക്ക് സുരക്ഷാ മുൻകരുതലുമായി അമേരിക്ക. ഇറാഖിലെ യുഎസ് എംബസി ഭാഗികമായി ഒഴിപ്പിക്കാൻ വൈറ്റ് ഹൗസ് നിർദേശംനൽകി. ബഹ്റൈൻ, കുവൈത്ത്, യുഎഇ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ അമേരിക്കൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് സ്വമേധയാ നാട്ടിലേക്ക് മടങ്ങാനും അനുമതി നൽകി. ഇറാനിൽ ആക്രമണം നടത്താൻ ഇസ്രയേൽ പൂർണ സജ്ജമാണെന്നും അയൽരാജ്യമായ ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് ഇറാൻ തിരിച്ചടിയുണ്ടാകുമെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നടപടി.
മേഖലയിലെ പിരിമുറുക്കം നിരീക്ഷിക്കുന്നുണ്ടെന്നും സൈനികരുടെ ആശ്രിതരെ അമേരിക്കയിലേക്ക് മടങ്ങാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നിർദേശിച്ചതായും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്‌താവനയിൽ പറഞ്ഞു. ബാഗ്‌ദാദിലെ യുഎസ് എംബസിയിൽനിന്ന് അത്യാവശ്യമല്ലാത്ത എല്ലാ ഉദ്യോഗസ്ഥരും മടങ്ങാൻ ഉത്തരവിട്ടു. അപകടകരമായ സ്ഥലമാകാൻ സാധ്യതയുള്ളതിനാൽ ജീവനക്കാരെ മാറ്റാനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം കൈവശംവയ്‌ക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.









0 comments