ഇസ്രയേല്‍ വിമാനത്താവളവും പവര്‍ സ്‌റ്റേഷനും ആക്രമിച്ച് ഹൂതികള്‍

പ്രതീകാത്മക ചിത്രം
മനാമ: ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനതാവളത്തിനുനേരെയും ജറുസലേമിലെ പവര്‍ സ്‌റ്റേഷനു നേരെയും യമനിലെ ഹൂതികളുടെ മിസൈല്‍ ആക്രമണം. ആക്രമണം മധ്യ ഇസ്രയേലില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രയേലിനെ ലക്ഷ്യമിട്ടതായി ഹൂതി സൈനിക വക്താവ് യഹിയ സാരി ചൊവ്വാഴ്ച പറഞ്ഞു.
പലസ്തീന്‍ 2 എന്ന ഹൈപ്പര്‍സോണിക് മിസൈലുമുപയോഗിച്ച് അധിനിവേശ ജഫായിലെ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം വിജയകരമായി ലക്ഷ്യമിട്ടതായി സാരി പറഞ്ഞു. വിമാനത്താവളത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. സുല്‍ഫീക്കര്‍ എന്ന ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ജെറുസലേമിലെ പവര്‍ സ്‌റ്റേഷന്‍ ആക്രമിച്ചതായും ചെങ്കടലില്‍, ചൊവ്വാഴ്ച യുഎസ് സൈനിക കപ്പലുകള്‍ക്ക് നേരെ പുതിയ ആക്രമണം നടത്തിയതായും ഹൂതി വക്താവ് സാരി അല്‍ മാസിറ പറഞ്ഞു. 72 മണിക്കൂറിനുള്ളില്‍ പടക്കപ്പലുകള്‍ക്ക നേരെയുള്ള നാലാമത്തെ ആക്രമണമാണിത്.
മിസൈല്‍ അതിര്‍ത്തിയില്‍ തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍, മധ്യ ഇസ്രയേലില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെയ്റ്റ് ഷെമേഷ് നഗരത്തില്‍ ഉള്‍പ്പെടെ മിസൈല്‍ കഷണങ്ങള്‍ ഇസ്രയേലില്‍ ചിതറി വീണതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി എട്ടോടെയാണ് ഇസ്രയേലില്‍ മിസൈല്‍ മുന്നറിയിപ്പ് ഉണ്ടായത്. പരിഭ്രാന്തരായ പ്രദേശവാസികള്‍ ഷെല്‍ട്ടറുകളില്‍ അഭയം തേടാന്‍ തിക്കും തിരക്കും കൂട്ടി. അതേസമയം, ഹൂതകള്‍ക്ക് എതിരെ ഭീഷണിയുമായി ഇസ്രയേല്‍ രംഗത്തെത്തി. ഇസ്രയേലിനെ ആക്രമിച്ച ഹമാസിനും ഹിസ്ബുള്ളക്കും അസദിനും എന്ത് സംഭവിച്ചുവെന്ന് ഓര്‍ക്കണമെന്നും അതേ ദുരിതപൂര്‍ണമായ വിധി തന്നെ നിങ്ങളും നേരിടേണ്ടിവരുമെന്നും യുഎന്നിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാന്നി ഡാനോണ്‍ മുന്നറിയിപ്പ് നല്‍കി.
ഗാസയില്‍ അധിനിവേശ ആക്രമണം പുനരാരംഭിച്ച ശേഷം ഒരാഴ്ചയ്ക്കിടെ ഇസ്രയേലിനെതിരായ ഏഴാമത്തെ ഹൂതി മിസൈല്‍ ആക്രമണമാണിത്.
0 comments