ഇസ്രയേലിലേക്ക് ഹൂതി മിസൈല്‍; വിമാന സര്‍വീസിനെ ബാധിച്ചു

പ്രതീകാത്മക ചിത്രം
മനാമ: തെക്കന്‍ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. തെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം. അധിനിവേശ പലസ്തീനിലെ ബീര്‍ ഷെവ, നെഗേവ് മരുഭൂമി, നെവാറ്റിം എയര്‍ബേസ് എന്നിവയുള്‍പ്പെടെ പ്രദേശങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ ഷെല്‍ട്ടറുകളിലേക്ക് മാറി. മധ്യ, തെക്കന്‍ മേഖലകളിലെ ചില പ്രദേശങ്ങളില്‍ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചില്ല.
ഇതോടെ ഇസ്രയേലിന് നേരെ ഹൂതികള്‍ ഏപ്രിലില്‍ മാത്രം അയച്ച മിസൈലുകളുടെ എണ്ണം പത്തായി. നെഗേവ് മേഖലയിലെ ഇസ്രയേല്‍ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് വിജയകരമായി മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതികളുടെ അല്‍ മാസിറ ടിവി അറിയിച്ചു. പലസ്തീന്‍-2 എന്ന ഹൈപ്പര്‍സോണിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത്. മിസൈല്‍ തടയുന്നതില്‍ ഇസ്രയേല്‍ പ്രതിരോധ സേന പരാജയപ്പെട്ടതായും അല്‍ മാസിറ റിപ്പോര്‍ട്ട് ചെയ്തു.
മിസൈല്‍ അതിര്‍ത്തിയില്‍ കടക്കുന്നതിന് മുന്‍പ് തടഞ്ഞതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. വിമാന താവളത്തിലെ സര്‍വീസ് പുനരാരംഭിച്ചതായും കൂട്ടിച്ചേര്‍ത്തു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോകളില്‍ സൈറണ്‍ ശബ്ദത്തോടൊപ്പം പലസ്തീന്‍ ആകാശത്തിലൂടെ മിസൈല്‍ പറക്കുന്നതു കാണാം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ, ആറാഴ്ചക്കിടെ യമനിലെ ഹൂതി മിലിഷ്യ അമേരിക്കയുടെ ഏഴ് ആളില്ലാ ചാര വിമാനങ്ങള്‍. വെടിവെച്ച് വീഴ്ത്തി. 21 കോടി ഡോളര്‍(ഏതാണ്ട് 1,793 കോടി രൂപ) നാശനഷ്ടമാണ് ഇത് അമേരിക്കക്ക് ഉണ്ടാക്കിയത്. ഏഴ് എംക്യു-9 റീപ്പര്‍ ഡ്രോണുകളാണ് മാര്‍ച്ച് 31 നും ഏപ്രില്‍ 22 നും ഇടയില്‍ ഹൂതികള്‍ തകര്‍ത്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം മൂന്ന് ഡ്രോണുകള്‍ വീഴ്ത്തി. 2023 ഒക്‌ടോബര്‍ 7 മുതല്‍ ഹൂതികള്‍ 22 ഡ്രോണുകളാണ് വെടിവെച്ചിട്ടത്. ഇതില്‍ 21 ഉം എംക്യു 9 ആണ്. നിരീക്ഷണമോ ആക്രമണ ദൗത്യമോ നടത്തുന്നതിനിടെയായാണ് ഇവ വെടിവെച്ചിട്ടത്. 50,000 അടി ഉയരത്തില്‍ പറക്കുന്ന ഈ ഡ്രോണുകളെ വെടിവെച്ചിടുന്നത് വളരെ ഉയരത്തില്‍ പറക്കുന്ന യുഎസ് വിമാനങ്ങളെ ആക്രമിക്കാനുള്ള ഹൂതികളുടെ കഴിവ് വെളിവാക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കഴിഞ്ഞ ദിവസം യമന്‍ തലസ്ഥാനമായ സനയില്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രത്തിന് സമീപം അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിഷേധം വ്യാപകമായി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പൈതൃക കേന്ദ്രങ്ങളെയും ചരിത്ര സ്മാരകങ്ങളെയും സാധാരണക്കാരെയും അമേരിക്ക തുടര്‍ച്ചയായി ലക്ഷ്യമിടുന്നതായി ഹൂതി മീഡിയ പറഞ്ഞു.
സനയിലെ പഴയ നഗരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച സ്ഥലമാണ്. ബോംബാക്രമണം ഇവിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് വന്‍ നാശം വരുത്തി. നഗരത്തിന്റെ ചരിത്രപരമായ പൈതൃകത്തെ അപകടത്തിലാക്കിയതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, പൈതൃക കേന്ദ്രത്തിലെ സ്‌ഫോടനം ഹൂതികളുടെ മിസൈല്‍ മൂലമാണെന്ന് യുഎസ് സൈന്യം അവകാശപ്പെട്ടു.
യമനില്‍ യുഎസ് വ്യോമാക്രമണത്തില്‍ ഇതുവരെ സ്ത്രീകളും കുട്ടികളുമടക്കം 135 ലേറെ സാധരണക്കാര്‍ കൊല്ലപ്പെട്ടതായും 223 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെതിരെ ഡമോക്രാറ്റിക് എംപിമാര്‍ രംഗത്ത് എത്തി. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടം ഉപേക്ഷിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ഡമോക്രാറ്റിക് എംപിമാര്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് കത്തെഴുതി.
ഇസ്രയേലിനെതിരെ ഹൂതികള്‍ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 15 നാണ് യമനില്‍ അമേരിക്ക യമനില്‍ വ്യോമാക്രമണം തുടങ്ങിയത്. ഇത്‌വരെ എണ്ണൂറിലേറെ ലക്ഷ്യങ്ങളില്‍ ബോംബാക്രമണം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.









0 comments