ഇസ്രയേല്‍ വിമാനത്താവളത്തില്‍ ഹൂതി മിസൈല്‍ ആക്രമണം

അനസ് യാസിന്‍
Published on May 04, 2025, 09:44 PM | 2 min read
മനാമ: ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതി മിസൈല്‍ പതിച്ച് വന്‍ നാശനഷ്ടം. ആറു പേര്‍ക്ക് പരിക്കേറ്റു. വിമാന സര്‍വീസ് നിര്‍ത്തിവെച്ചു. ഡല്‍ഹിയില്‍ നിന്നും ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു. മെയ് 6 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും അടിയന്തരമായി നിര്‍ത്തിവക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു.
ഞായാഴ്ച രാവിലെ 9.35 ഓടെയാണ് വിമാനത്താവളത്തിനുനേരെ ഹൂതി മിലിഷ്യയുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. റണ്‍വേയില്‍ നിന്ന് നൂറുമീറ്ററോളം അകലെ ടെര്‍മിനല്‍ 3 ന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് മിസൈല്‍ പതിച്ചത്. ഇവിടെ വന്‍ ഗര്‍ത്തം രൂപപ്പെട്ടതായി മധ്യ ഇസ്രായേല്‍ പൊലീസ് മേധാവി യായര്‍ ഹെസ്രോണിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ടെര്‍മിനലിനും റണ്‍വേകള്‍ക്കും വളരെ അടുത്തായി ഒരു മിസൈല്‍ വീഴുന്നത് ഇതാദ്യമായാണെന്ന് ഇസ്രായേല്‍ വിമാനത്താവള അതോറിറ്റി പറഞ്ഞു. ഇസ്രയേലിന്റെ ത്രിതല വ്യോമ പ്രതിരോധത്തെ ഭേദിച്ചാണ് മിസൈല്‍ പതിച്ചത്. പാട്രിയറ്റ് മിസൈലുകളുപയോഗിച്ച് ഹൂതി ബാലിസ്റ്റിക് മിസൈല്‍ തടയാന്‍ ഇസ്രയേല്‍ സൈന്യം നിരന്തരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടതായും മുഴക്കം ഏറെ നേരം നിന്നുവെന്നും വിമാനതാവളത്തിനകത്തുണ്ടായിരുന്ന എഎഫ്പി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരകണക്കിന് യാത്രക്കാര്‍ ഈ സമയം എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ ഉണ്ടായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ യാത്രക്കാരോട് അഭയം തേടാന്‍ ആവശ്യപ്പെട്ടതായും പറഞ്ഞു. കുറേ പേര്‍ വിമാനത്താവളത്തിലെ ബങ്കറുകളില്‍ അഭയം തേടി.
മിസൈല്‍ വരുന്നതറിഞ്ഞ് പ്രാദേശിക സമയം രാവിലെ 9.18 ന് നിരവധി പ്രദേശങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. വിമാനത്താവളം ലക്ഷ്യമാക്കിയാണ് വരുന്നതെന്ന് കണ്ട് മിസൈല്‍ തടയാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 എഐ139 വിമാനം ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് വിമാനത്താവളത്തില്‍ മിസൈല്‍ പതിച്ചത്. ജോര്‍ദാന്‍ വിമാന അതിര്‍ത്തിയിലായിരുന്നു ഈ സമയം വിമാനം. ഉടന്‍ അബുദാബിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം വൈകാതെ ഡല്‍ഹിയിലേക്ക് മടങ്ങി.
എയര്‍ ഇന്ത്യക്കുപുറമേ ഓസ്ട്രിയന്‍, യൂറോവിംഗ്‌സ്, സ്വിസ്, ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേയ്‌സ് തുടങ്ങിയ എയര്‍ലൈന്‍സുകളും താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതി മിലിഷ്യ വക്താവ് യഹിയ സാരി അല്‍ മാസിറ ടിവിയില്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ തുടര്‍ച്ചയായ നാലാമത്തെ മിസൈല്‍ ആക്രമണമാണിത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ ഉടന്‍ യോഗം ചേരും.









0 comments