ഇസ്രയേല്‍ എയര്‍ ബേസിലേക്ക് ഹൂതി മിസൈല്‍ ആക്രമണം

അനസ് യാസിന്‍
Published on Apr 27, 2025, 08:36 PM | 1 min read
മനാമ: അറവ മരുഭൂമിയും വടക്കന്‍ ചാവുകടല്‍ പ്രദേശങ്ങളും ലക്ഷ്യമിട്ട് ഹൂതി മിലിഷ്യ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. 24 മണിക്കൂറിനിടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ മിസൈല്‍ ആക്രമണമാണിത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് മിസൈല്‍ ആക്രമണം. സൈറണുകള്‍ മുഴങ്ങിയതിനെ തുടര്‍ന്ന് ആളുകള്‍ അഭയ കേന്ദ്രങ്ങളിലേക്ക് മാറി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നെഗേവ് മേഖലയിലെ ഇസ്രയേലിന്റെ നെവാറ്റിന്‍ എയര്‍ബേസിലേക്ക് വിജയകരമായ മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതി മീഡിയ വിഭാഗം അല്‍ മാസിറ ടിവിയില്‍ അറിയിച്ചു. ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മിസൈല്‍ തടയാനായില്ലെന്നും പറഞ്ഞു.
മിസൈലിനെതിരെ ആന്റി ബാലിസ്റ്റിക് മിസൈല്‍ അയച്ചതായും 'ഏതാണ്ട്' വിജയകരമായി തടഞ്ഞതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഭയകേന്ദ്രത്തിലേക്ക് ഓടുന്നതിനിടെ പരിക്കേറ്റ നിരവധി പേര്‍ക്ക് ചികിത്സ നല്‍കിയെന്നും അറിയിച്ചു.
ഇതോടെ ഇസ്രയേലിന് നേരെ ഹൂതികള്‍ ഏപ്രിലില്‍ മാത്രം അയച്ച മിസൈലുകളുടെ എണ്ണം 11 ആയി. ശനിയാഴ്ച പുലര്‍ച്ചെയും തെക്കന്‍ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതേതുടര്‍ന്ന തെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. ഇതിന് മണിക്കൂറള്‍ക്കുശേഷം ഇസ്രയേലിലേക്ക് വീണ്ടും ഡ്രോണ്‍ ആക്രമണം നടന്നിരുന്നു.









0 comments