പണി തീർന്നത് മാസങ്ങള്‍ക്ക് മുന്‍പ്: ചൈനയിലെ കൂറ്റൻ പാലം തകർന്നുവീണു

ബീജിങ്: ചൈനയിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം ചെയ്ത പാലം മാസങ്ങൾക്ക് ശേഷം തകർന്നുവീണു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് പാലം തകർന്നുവീണത്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പാലത്തിന്റെ ചില ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു.
അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തലാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പർവതമേഖലയായ മേർകാങിൽ സ്ഥിതി ചെയ്യുന്ന ഹോങ്കി പാലം G317 ദേശീയ പാതയുടെ ഭാഗമായിരുന്നു. 758 മീറ്റർ നീളമുള്ള ഈ കാന്റിലിവേർഡ് ബീം പാലം മലയിടുക്കിന്റെ തറയിൽ നിന്ന് ഏകദേശം 625 മീറ്റർ ഉയരത്തിലായിരുന്നു. 172 മീറ്റർ വരെ ഉയരമുള്ള ഭീമാകാരമായ തൂണുകളാണ് പാലത്തിനുണ്ടായിരുന്നത്. പടിഞ്ഞാറൻ ചൈനയുടെ ദുർഘടമായ ഭൂപ്രദേശങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്താനും, ടിബറ്റനിലേക്കുള്ള പ്രവേശനം വികസിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് പാലം നിർമിച്ചത്.









0 comments