ചരിത്ര നിമിഷത്തിൽ ശുഭാംശു; ആക്സിയം 4 ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു

ഫ്ലോറിഡ: ആക്സിയം 4 ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇന്ത്യൻ വൈമാനികൻ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് നിലയത്തിലെത്തിയത്. വൈകിട്ട് നാലോടെ പേടകം അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഹാർമണി മോഡ്യൂളുമായി ഡോക്ക് ചെയ്തു. രണ്ട് മണിക്കൂറോളം നീണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് സംഘം ബഹിരാകാശ നിലയത്തിനുള്ളിലേക്ക് എത്തിയത്. 5.44നാണ് ആക്സിയം 4 ദൗത്യസംഗം നിലയത്തിൽ പ്രവേശിച്ചത്.
ശുക്ലയ്‌ക്കൊപ്പം മൂന്നു പേർകൂടി ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്സിയം സ്പേയ്‌സിന്റെ ഹ്യൂമൻ സ്പേയ്‌സ് ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ ആണ് കമാൻഡർ. ശുഭാൻശു ശുക്ല പൈലറ്റും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പോളിഷ് പ്രോജക്ട് ബഹിരാകാശയാത്രികനായ സ്വാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിവസ്‌കി, ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റുള്ളവർ. രാകേഷ് ശർമയ്‌ക്ക് ശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യാക്കാരനാണ് ശുക്ല. നാസയുടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനുമാണ് അദ്ദേഹം.
ബുധനാഴ്ചയാണ് സഞ്ചാരികളെയും വഹിച്ചുകൊണ്ട് സ്പേയ്‌സ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് അവർ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയിരിക്കുന്നത്. നാൽപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിൽ എത്തുന്നത്. നിലവിൽ നിലയത്തിലുണ്ടായിരുന്ന പത്തംഗ സംഘം ആക്സിയം 4 ദൗത്യ സംഘത്തെ സ്വീകരിച്ചു. 14 ദിവസം നിലയത്തിൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയശേഷം ആക്സിയം 4 ദൗത്യ സംഘം മടങ്ങും.
അമേരിക്കൻ കമ്പനിയായ ആക്സിയം സ്പേസ്, നാസ, സ്പേയ്‌സ്എക്സ്, ഐഎസ്‌ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ബുധനാഴ്ച പകൽ 12.01നാണ് വിക്ഷേപണം നടന്നത്. 28 മണിക്കൂറും അമ്പത് മിനിറ്റും ഭൂമിയെ ചുറ്റിയ പേടകം വ്യാഴാഴ്ച വൈകിട്ട് നാലിനാണ് അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തത്. സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ആറു തവണ മാറ്റിവച്ച ദൗത്യമാണ് ഇന്ന് ചരിത്രം കുറിച്ചിരിക്കുന്നത്. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്‌സിയം 4 ദൗത്യം.









0 comments