ഹിസ്ബുൾ ഇസ്രയേൽ വെടിനിർത്തൽ കരാർ അവസാനിക്കുന്നു
ഹിസ്ബുൾ നേതാവ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു

മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്ത് എത്തിയ അജ്ഞാതർ വെടിയുതിർത്തതായാണ് റിപ്പോർട്ട്. ലെബനീസ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെയാണ് ഹമാദിയുടെ വധം. 153 യാത്രക്കാരും ജീവനക്കാരുമായി ഏഥൻസിൽ നിന്ന് റോമിലേക്ക് പോകുകയായിരുന്ന പശ്ചിമ ജർമനിയുടെ വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തിൽ യു.എസ് ഫെഡറൽ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് ഹമാദി. 1985 ൽ നടന്ന വിമാന റാഞ്ചലിൽ ഒരു അമേരിക്കൻ പൌരൻ കൊല്ലപ്പെട്ടിരുന്നു.
ആറു തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. കുടുംബ വഴക്കിന് തുടർച്ചയായാണ് കൊലപാതകം എന്നാണ് ലെബനീസ് അധികാരികളുടെ വിശദീകരണം.
ജനുവരി 26 വരെ തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കണമെന്നും ഹിസ്ബുള്ള ഇസ്രായേൽ അതിർത്തിയിൽ നിന്ന് ലിറ്റാനി നദിക്ക് വടക്ക് ദിശയിലേക്ക് പിൻവാങ്ങണമെന്നുമായിരുന്നു ഇസ്രായേൽ ഹിസ്ബുള്ള കരാർ.
60 ദിവസത്തെ കരാർ അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കെയാണ് കൊല.
ഇസ്രയേലിന് എതിരായ ആക്രമണത്തിൽ ലെബനൻ പങ്ക് ചേർന്നതോടെ 1.6 ദശലക്ഷം ലെബനീസ് പൌരൻമാരാണ് അഭയാർഥികളായത്. 14 മാസമായി തുടരുന്ന സംഘർഷത്തിൽ 3,700 ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.









0 comments