ഹാർവഡിൽ വിദേശ വിദ്യാർഥികളുടെ വിലക്ക്; ട്രംപിന്റെ ഉത്തരവ് താൽക്കാലികമായി നിർത്തിവച്ച് കോടതി

donald trump
വെബ് ഡെസ്ക്

Published on Jun 06, 2025, 10:41 AM | 1 min read

വാഷിങ്ടൺ: ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് താൽക്കാലികമായി നിർത്തിവച്ച് ഫെഡറൽ കോടതി. മസാച്യുസെറ്റ്സ് കോടതി ജഡ്ജി അലിസൺ ബറോസാണ് ഉത്തരവ് സ്റ്റേ ചെയ്തത്. സർവകലാശാലയിലെ വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറയ്ക്കുന്നതിന്റെ ഭാ​ഗമായി ബുധനാഴ്ചയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് ഹാർവഡ് ഹർജി ഫയൽ ചെയ്തിരുന്നു. വൈറ്റ് ഹൗസ് ആവശ്യങ്ങൾ നിരസിച്ചതിനുള്ള നിയമവിരുദ്ധമായ പ്രതികാര നടപടിയാണിതെന്ന് ഹാർവഡ് ഹർജിയിൽ വ്യക്തമാക്കി.


വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കുന്ന നിലപാട്‌ സ്വീകരിക്കില്ലെന്ന്‌ ഹാർവഡ്‌ വ്യക്തമാക്കിയതോടെ സർവകലാശാലയും സർക്കാരും തമ്മിൽ നേരിട്ട്‌ ഏറ്റുമുട്ടലായി. ഹാർവഡിനുള്ള 230 കോടി ഡോളറിന്റെ ധനസഹായം ട്രംപ്‌ സർക്കാർ മരവിപ്പിച്ചു. ഫെഡറൽ ഫണ്ടിൽനിന്ന്‌ 100 കോടി ഡോളർ വെട്ടി. സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനത്തിൽ സർക്കാരിന്‌ ഇടപെടാൻ അവകാശമില്ലെന്ന്‌ കാണിച്ച്‌ ഹാർവഡ്‌ കോടതി കയറി. പിന്നാലെയാണ്‌ പ്രതിവർഷം നൂറിലധികം രാജ്യങ്ങളിൽനിന്നായി ശരാശരി 6,800 വിദ്യാർഥികൾ പഠിക്കാനെത്തുന്ന ഹാർവഡിൽ വിദേശികളെ എൻറോൾ ചെയ്യുന്നത്‌ സർക്കാർ തടഞ്ഞത്‌. ഇതുമായി ബന്ധപ്പട്ട ഉത്തരവ്‌ നേരത്തെ ട്രംപ് ഭരണകൂടം പുറത്തിറക്കിയിരുന്നു.











deshabhimani section

Related News

View More
0 comments
Sort by

Home