ആറ് ഇസ്രയേൽ ബന്ദികളെ കൂടി കൈമാറുമെന്ന് ഹമാസ്

hamas
വെബ് ഡെസ്ക്

Published on Feb 22, 2025, 11:18 AM | 1 min read

ഗാസ സിറ്റി: ആറ് ഇസ്രയേൽ ബന്ദികളെ കൂടി കൈമാറുമെന്ന് ഹമാസ്. ശനിയാഴ്ച മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇന്നലെ ഹമാസ് പുറത്തുവിട്ടിരുന്നു. ഇവരിൽ നാല് പേർ 2023 ഒക്‌ടോബർ 7ന് നടന്ന ഇസ്രയേൽ ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയവരാണ്. ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് വ്യത്യസ്ത സമയങ്ങളിൽ ​ഗാസയിലേക്ക് കടക്കുകയും ഹമാസിന്റെ പിടിയിലായവരുമാണ് മറ്റ് രണ്ട് പേർ.


എലിയ കോഹെൻ (27) താൽ ഷോഹം (40) ഒമെർ ഷെം ടോവ്‌ (22), ഒമെർ വെൻകെർട്ട്‌ (23), ഹിഷാം അൽ സയ്യെദ്‌ (36), അവെര മെങ്കിസ്തു (39) എന്നിവരെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാ​ഗമായി മോചിപ്പിക്കപ്പെടേണ്ട 33 പേരടങ്ങുന്ന സംഘത്തിലെ അവസാനത്തെ ആറ് പേരെയാണ് ഇന്ന് വിട്ടയക്കുന്നത്.

പകരം 602 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 50 പേരുമുണ്ട്‌.


അതേ സമയം, കഴിഞ്ഞ ദിവസം കൈമാറിയ നാല്‌ മൃതദേഹങ്ങളിൽ ശിരി ബിബസിന്റേതെന്ന്‌ പറഞ്ഞ മൃതദേഹം അവരുടേതല്ലെന്ന്‌ ഇസ്രയേൽ ആരോപിച്ചിരുന്നു. ഇവരുടെ മക്കൾ ഏരിയൽ, കെഫിർ എന്നിവരുടേതടക്കം മറ്റ്‌ മൂന്ന്‌ മൃതദേഹങ്ങൾ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ശിരി ബിബസിന്റെ ശരിയായ മൃതദേഹം കൈമാറണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. വിഷയം അന്വേഷിക്കുമെന്ന്‌ ഹമാസ്‌ പറഞ്ഞിരുന്നു. ഇസ്രയേൽ വ്യോമാക്രമണത്തിൽ ചിന്നിച്ചിതറിയ ബന്ദി ശിരി ബിബസിന്റെ ശരീരഭാഗങ്ങൾ മറ്റുള്ളവരുടേതുമായി കൂടിക്കലർന്നെന്ന്‌ ഹമാസ്‌ പ്രതികരിച്ചു.


ഇസ്രയേൽ ആക്രമണത്തിലാണ്‌ ശിരി ബിബസും മക്കളും കൊല്ലപ്പെട്ടതെന്ന്‌ ഹമാസ്‌ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ യുവതിയുടേതിന്‌ പകരം ഗാസ നിവാസിയുടെ മൃതദേഹാവശിഷ്ടങ്ങളാണ്‌ ഹമാസ്‌ പെട്ടിയിലാക്കി കൈമാറിയതെന്നും ഇത്‌ അപമാനകരമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിന്റെ പ്രവൃത്തിക്ക്‌ വലിയ വിലകൊടുക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. ഐക്യരാഷ്ട്ര സംഘടനയിലെ ഇസ്രയേൽ സ്ഥാനപതി ഡാനി ഡാനനും ഹമാസിനെ വിമർശിച്ച്‌ രംഗത്തെത്തി. ഹമാസിന്റേത്‌ സമാനതയില്ലാത്ത ക്രൂരതയാണെന്ന്‌ അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home