ഗാസയിൽ സമാധാനം; ജീവിച്ചിരിക്കുന്ന അവസാന ബന്ദിയെയും ഇസ്രയേലിന് കൈമാറി ഹമാസ്

Hamas.jpg
വെബ് ഡെസ്ക്

Published on Oct 14, 2025, 07:41 AM | 1 min read

ഗാസ സിറ്റി: രണ്ട്‌ വർഷം നീണ്ട വംശഹത്യയ്ക്കും നിർബന്ധിത പലായനത്തിനും ഒടുവിൽ ഗാസയിൽ ബന്ദികൈമാറ്റം. ഇസ്രയേലും ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് തുടക്കമായി.


ഹമാസിന്റെ തടവിൽ ജീവനോടെയുണ്ടായിരുന്ന 20 ബന്ദികളെയും തിങ്കളാഴ്‌ച പുലർച്ചയോടെ റെഡ്‌ ക്രോസിന്‌ കൈമാറി. ഇസ്രയേൽ സൈന്യവും കൈമാറ്റം സ്ഥീരികരിച്ചു. ശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങളുടെ കൈമാറ്റവും ഉടനുണ്ടാകും. ഇസ്രയേൽ തടവിലുള്ള രണ്ടായിരത്തോളം പലസ്‌തീൻകാരെ കൈമാറുന്നതിനും തുടക്കമായി.


പലസ്‌തീൻ തടവുകാരുടെ ആദ്യസംഘത്തെ വഹിച്ചുള്ള ബസ്സുകൾ വെസ്‌റ്റ്‌ ബാങ്കിൽ എത്തിച്ചേർന്നതായി ഹമാസ് സ്ഥീരീകരിച്ചു. ഇസ്രയേൽ വിട്ടയക്കേണ്ട 1900 തടവുകാരുടെ പട്ടിക തിങ്കളാഴ്‌ച ഹമാസ്‌ പുറത്തുവിട്ടു. എന്നാൽ, മോചിപ്പിക്കുന്ന കൂട്ടത്തിലുള്ള 154 തടവുകാരെ ഇസ്രയേൽ ഇ‍ൗജിപ്‌തിലേക്ക്‌ നിർബന്ധിപ്പിച്ച്‌ നാടുകടത്തി. മനുഷ്യത്വരഹിതമായ നടപടിയാണിതെന്ന് തടവുകാരുടെ മോചനം കാത്തിരുന്ന ബന്ധുക്കൾ പ്രതികരിച്ചു.


റെഡ്‌ ക്രോസ് മുഖാന്തരം രണ്ടുഘട്ടമായാണ് ഹമാസ് ബന്ദികളെ കൈമാറിയത്. ഇവരെ സ്വീകരിക്കാൻ ടെൽ അവീവിൽ വൻ സ്വീകരണമാണ് ഇസ്രയേൽ ഒരുക്കിയത്. മോചിപ്പിക്കപ്പെട്ട തടവുകാരുമായി എത്തിയ വാഹനങ്ങളെ സ്വീകരിക്കാൻ തെക്കൻ ഗാസയിലെ ഖാൻയൂനിസിലെ നാസ്സർ ആശുപത്രിക്ക് സമീപം ആയിരങ്ങൾ തടിച്ചുകൂടി.


ഇസ്രയേൽ തടവറയിൽ ക്രൂരമായ പീഡനത്തിന് ഇരയായെന്നും പട്ടിണിക്കിട്ടെന്നും നിരവധി തടവുകാർ മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗികചൂഷണം അടക്കമുള്ള ക്രൂരമായ പീഡനങ്ങൾക്ക് പലസ്തീൻകാർ ഇസ്രയേൽ തടവറകളിൽ വിധേയമായതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home