നാല് ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് കൈമാറി ഹമാസ്

Photo Credit: X
ടെൽ അവീവ്: നാല് ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് കൈമാറി ഹമാസ്. ഇസ്രായേലിൽ നിന്ന് ബന്ദികളാക്കവേ തടവിൽ മരിച്ച നാല് പേരുടെ മൃതദേഹമാണ് ഹമാസ് കൈമാറിയത്. 2023 ഒക്ടോബർ 7ന് തെക്കൻ ഇസ്രായേലിലെ കിബ്ബറ്റ്സ് നിർ ഓസിലെ വീട്ടിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് (32 ), മക്കളായ ഏരിയൽ (4), 9 മാസം പ്രായമുള്ള ഖിഫിർ എന്നിവരുടെ മൃതദേഹങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹമാസ് ബന്ദിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ഖിഫിർ. ഇതേ സ്ഥലത്ത് നിന്നും ഹമാസ് ബന്ദിയാക്കിയ 83കാരനായ ഓഡെഡ് ലിഫ്ഷിറ്റ്സിന്റേതാണ് നാലാമത്തെ മൃതദേഹം എന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാസ വെടി നിർത്തലിന്റെ ഭാഗമായി ഫെബ്രുവരി 1ന് നടന്ന നാലാം ഘട്ട ബന്ദി കൈമാറ്റത്തിൽ ഖിഫിറിന്റെ അച്ഛൻ യാർഡൻ ബിബാസി (34)നെ ഹമാസ് മോചിപ്പിച്ചിരുന്നു. അപ്പോഴും യാർഡനൊപ്പം ബന്ദികളാക്കിയ മറ്റ് മൂന്ന് പേരെ കുറിച്ച് ഹമാസ് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ ഖിഫിറിന്റെയും സഹോദരന്റെയും അമ്മയുടേയും മൃതദേഹമാണ് ഹമാസ് കൈമാറിയതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം, മൃതദേഹം ആരുടെയൊക്കെയാണ് എന്ന് ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കറുത്ത പെട്ടികളിലാണ് ഖാൻ യൂനസിലേക്ക് ഹമാസ് മൃതദേഹം എത്തിച്ചത്. നാല് മൃതദേഹവും ആദ്യം റെഡ് ക്രോസിനാണ് കൈമാറിയത്. പിന്നാലെ ഇസ്രയേൽ സൈന്യത്തിന് കൈമാറുകയായിരുന്നു. മൃതദേഹം ടെൽ അവീവിലെ അബു കബീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയ്ക്കും മറ്റ് ഫൊറൻസിക് പരിശോധനകൾക്കും ശേഷമാകും ബന്ധുക്കൾക്ക് വിട്ടുനൽകുക.
“ഞങ്ങളുടെ ഹൃദയങ്ങൾ (ഒരു മുഴുവൻ രാജ്യത്തിൻ്റെയും ഹൃദയങ്ങൾ) തകർന്നിരിക്കുന്നു, ഇസ്രയേൽ രാഷ്ട്രത്തിന് വേണ്ടി, ഞാൻ തല കുനിച്ച് ക്ഷമ ചോദിക്കുന്നു. ആ ഭയാനകമായ ദിവസം നിങ്ങളെ സംരക്ഷിക്കാൻ കഴിയാതെ പോയതിനും നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ കഴിയാത്തതിലും ക്ഷമാപണം. ”- മൃതദേഹം കൈമാറ്റം ചെയ്തതിന് പിന്നാലെ ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് പ്രസ്താവനയിൽ അറിയിച്ചു.









0 comments